ഝാന്‍സിയിലെ അപൂര്‍വ പ്രണയ കഥ ഝാന്‍സി (ഉത്തര്‍പ്രദേശ്):ഇതൊരല്‍പം വ്യത്യസ്‌തമായ പ്രണയ കഥയാണ്. ഈ കഥയില്‍ പ്രണയവും വിരഹവും നിയമ പോരാട്ടവും ഉണ്ട് എന്നതാണ് പ്രത്യേകത. പ്രണയിനിക്കൊപ്പം ജീവിക്കാന്‍ അവളുടെ ആവശ്യ പ്രകാരം ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തി പുരുഷനായി മാറിയതാണ് ഝാന്‍സി സ്വദേശിയായ സന ഖാന്‍ (നിലവില്‍ സുഹൈല്‍ ഖാന്‍).
പുരുഷനായെത്തി സുഹൈല്‍ ഖാന്‍ തന്‍റെ പ്രണയിനിയെ വിവാഹം കഴിക്കുകയും ചെയ്‌തു. എന്നാല്‍ കുറച്ച് കാലം കഴിഞ്ഞതോടെ സുഹൈല്‍ ഖാനൊപ്പം ജീവിക്കാന്‍ കഴിയില്ലെന്ന് സുഹൃത്ത് സൊനാല്‍ ശ്രീവാസ്‌തവ പറയുകയായിരുന്നു. വിവാഹ വാഗ്‌ദാനം നല്‍കി പുരുഷനായി മാറിയ തന്നെ പ്രണയിനി വഞ്ചിച്ചെന്നും സ്വീകരിക്കണമെങ്കില്‍ വീണ്ടും പെണ്‍കുട്ടിയായി മാറണമെന്ന് ആവശ്യപ്പെട്ടുവെന്നും കാണിച്ച് സുഹൈല്‍ ഖാന്‍ കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍.
ഝാന്‍സിയിലെ അപൂര്‍വ പ്രണയ കഥ:അടുത്ത സുഹൃത്തുക്കളായിരുന്നു ഝാന്‍സി സ്വദേശികളായ സന ഖാനും സൊനാല്‍ ശ്രീവാസ്‌തവയും. സൗഹൃദം പതിയെ പ്രണയത്തിലേക്ക് മാറി. ഇരുവരും ഒന്നിച്ചെടുത്ത റീല്‍സുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കുന്ന പതിവും ഇവര്‍ക്കുണ്ടായിരുന്നു.
ഇതിനിടയില്‍ ഇവര്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു. എന്നാല്‍ ഒന്നിച്ച് ജീവിക്കണമെങ്കില്‍ ഒരാള്‍ പുരുഷനായി മാറണമെന്ന് സൊനാല്‍ സനയോട് പറഞ്ഞു. സൊനാലിന്‍റെ ആവശ്യപ്രകാരം സന ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയാകുകയും സുഹൈല്‍ ഖാന്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്‌തു. തങ്ങളുണ്ടാക്കിയ രഹസ്യ ധാരണ പ്രകാരം 2017 സെപ്‌റ്റംബര്‍ 18ന് സനയും സുഹൈലും വിവാഹിതരായി.
ഇതിനിടെ സൊനാലിന് ആശുപത്രിയില്‍ ജോലി ലഭിച്ചു. അവിടെ വച്ച് മറ്റൊരാളുമായി യുവതി പ്രണയത്തിലാകുകയായിരുന്നു. ഇതോടെയാണ് ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയത്. സുഹൈല്‍ ഖാനൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നും വീണ്ടും പെണ്‍കുട്ടിയായി വന്നാല്‍ സ്വീകരിക്കാമെന്ന് പറയുകയും ചെയ്‌തതോടെ നീതി തേടി സുഹൈല്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് ഝാന്‍സിയിലെ ഈ അപൂര്‍വ പ്രണയകഥ വാര്‍ത്തയായത്.
ഫോണ്‍ കോള്‍ ചോദ്യം ചെയ്‌തതോടെ പ്രശ്‌നങ്ങള്‍: സൊനാല്‍ വര്‍ഷങ്ങളായി തനിക്കൊപ്പമാണ് താമസിച്ചിരുന്നതെന്ന് സുഹൈല്‍ ഖാന്‍ പറയുന്നു. 'സൊനാലിന് ജോലി ഇല്ലാതിരുന്ന സമയത്ത് അവളുടെ ചെലവുകള്‍ ഞാന്‍ തന്നെയാണ് വഹിച്ചത്. യഥാര്‍ഥ ഭാര്യ -ഭര്‍ത്താക്കന്‍മാരെ പോലെയാണ് ഞങ്ങള്‍ കഴിഞ്ഞിരുന്നത്', സുഹൈല്‍ പറഞ്ഞു. ആശുപത്രിയില്‍ ജോലി ലഭിച്ച് ദിവസങ്ങള്‍ക്ക് ശേഷം സൊനാലിന് രാത്രി ഏറെ വൈകിയും ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങി. രഹസ്യമായി ഫോണില്‍ സംസാരിക്കുന്നത് ചോദ്യം ചെയ്‌തതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് സുഹൈല്‍ പറഞ്ഞു
നീതി തേടി കോടതിയില്‍: 2022 മെയ് 30 നാണ് സുഹൈല്‍ ഖാന്‍ ആദ്യത്തെ പരാതി നല്‍കിയത്. ഓണ്‍ലൈന്‍ വഴിയായിരുന്നു അന്ന് പരാതി നല്‍കിയത്. ജൂണ്‍ 3ന് പരാതി കോടതി പരിഗണിച്ചു. ശേഷം സുഹൈല്‍ ഖാന്‍റെ മൊഴിയും സാക്ഷികളായ രാജു അഹിര്‍വാര്‍, അജയ് കുമാര്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തി.
സുഹൈല്‍ ഖാന്‍റെ ഡ്രൈവറാണ് രാജു അഹിര്‍വാര്‍. ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്കായി ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് സുഹൈലിനൊപ്പം പോയത് രാജു ആയിരുന്നു. കോടതിയില്‍ നിന്ന് സൊനാലിന് സമന്‍സ് അയച്ചെങ്കിലും അത് സ്വീകരിക്കാന്‍ യുവതി തയ്യാറായില്ല. പിന്നാലെ വാറന്‍റ് പുറപ്പെടുവിച്ചെങ്കിലും സൊനാല്‍ കോടതിയില്‍ ഹാജരായില്ല. തുടര്‍ന്ന് സൊനാല്‍ ശ്രീവാസ്‌തവയുടെ പോരില്‍ ജാമ്യമില്ല വാറന്‍റ് പുറപ്പെടുവിക്കുകയായിരുന്നു.
ജനുവരി 18ന് സൊനാലിനെ സഹോദരിയുടെ വീട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കി. വൈദ്യ പരിശോധനയ്‌ക്ക് ശേഷം കസ്റ്റഡിയില്‍ വിട്ട സൊനാലിനെ ജനുവരി 19ന് വീണ്ടും കോടതിയില്‍ ഹാജരാക്കി. ജനുവരി 19ന് യുവതിക്ക് ജാമ്യം ലഭിച്ചു. കേസിന്‍റെ അടുത്ത വാദം ജനുവരി 23നാണ്.
ശസ്‌ത്രക്രിയയ്‌ക്ക് ചെലവായത് ലക്ഷങ്ങള്‍: ആറ് ലക്ഷം രൂപയാണ് സുഹൈല്‍ ഖാന് ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്കായി ചെലവായത്. വിഷയം കോടതിയില്‍ എത്തിയതോടെ തനിക്ക് പല തരത്തിലുള്ള സമ്മര്‍ദങ്ങള്‍ ഉണ്ടെന്ന് സുഹൈല്‍ പറഞ്ഞു. കൂടാതെ കേസില്‍ നിന്ന് പിന്‍മാറണം എന്ന് ആവശ്യപ്പെട്ട് പലരും ഭീഷണിപ്പെടുത്തിയെന്നും സുഹൈല്‍ ഖാന്‍ പറഞ്ഞു.