ഹൈദരാബാദ്: സനാത്നഗറില്‍ എട്ട് വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി അഴുക്കുചാലില്‍ തള്ളിയ സംഭവം നരബലിയെന്ന് സംശയം. ശരീരത്തിലെ എല്ലുകള്‍ ഒടിച്ച ശേഷമാണ് അഴുക്കുചാലില്‍ തള്ളിയതെന്ന് പൊലീസ് പറയുന്നു. എന്നാല്‍, ഇന്നലെ രാത്രി നാടിനെ നടുക്കിയ കൊലപാതകം നരബലി അല്ല എന്ന നിഗമനത്തിലാണ് പൊലീസ്.
അഴുക്കുചാലില്‍ നിന്നും കണ്ടെത്തിയ മൃതദേഹം അലാവുദീന്‍ കോട്ടി പ്രദേശത്തെ അബ്‌ദുള്‍ വഹീദ് എന്ന എട്ട വയസുകാരന്‍റെയാണെന്ന് കണ്ടെത്തി. കുട്ടിയുടെ പിതാവ് വാസീം ഖാന്‍ അബ്‌ദുള്‍ വഹീദിനെ കാണാനില്ലെന്ന് പരാതി നല്‍കിയതിന്‍റെ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് കുട്ടിയുടെ മൃതദേഹം അഴുക്കുചാലില്‍ നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ ഇമ്രാന്‍ ഏലിയാസ് ഫിസ ഖാന്‍ എന്ന ട്രാന്‍സ്‌ജെന്‍ഡറെയും നാല് കൂട്ടാളികളെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു.
കൊലപാതകത്തിന് കാരണം സാമ്പത്തിക തര്‍ക്കം: മൃതദേഹം കണ്ടെടുത്ത ശേഷം കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കള്‍ ട്രാന്‍സ്‌ജെന്‍ഡറിന്‍റെ വീട് അടിച്ചുതകര്‍ത്തിരുന്നു. കൊലപാതകത്തിന് പിന്നില്‍ നരബലിയാണെന്ന് ആരോപിച്ച കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, ഫിസ ഖാനും തുണിവ്യാപാരിയായ കുട്ടിയുടെ പിതാവ് വസീം ഖാനും തമ്മില്‍ നിലനിന്നിരുന്ന സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിനിടയാക്കിയതെന്നാണ് പൊലീസിന്‍റെ നിഗമനം.
ചിട്ടി ബിസിനസ് നടത്തിയിരുന്ന ട്രാന്‍സ്‌ജെന്‍ഡറിന്‍റെ പക്കല്‍ നിന്നും വാസിം ഖാന്‍ ചിട്ടി പിടിച്ചിരുന്നു. ചിട്ടിയ്‌ക്കായുള്ള പണം അടയ്‌ക്കുന്നതിനെ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടാകുകയും ചെയ്‌തിരുന്നു. നാല് പേര്‍ ചേര്‍ന്ന് ഫിസയുടെ വീട്ടിലേക്ക് കുട്ടിയെ കൊണ്ടുപോകുന്നതായി കണ്ടിരുന്നുവെന്നും അതിന് ശേഷമാണ് കുട്ടിയെ കാണാതായതെന്നും പ്രദേശവാസികള്‍ പറഞ്ഞു.