ഹൈദരാബാദ് :തെലങ്കാനയില്‍ ആദ്യമായി ട്രാൻസ്‌ജെൻഡർ സംരക്ഷണ സെൽ ആരംഭിച്ച് സംസ്ഥാന പൊലീസ് സേന. അഭിമാന ഇടം (Pride Place) എന്ന പേരിലാണ് സെല്‍ പ്രവര്‍ത്തിക്കുക. ചൊവ്വാഴ്‌ച ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ ഡി.ജി.പി മഹേന്ദർ റെഡ്ഡി ഉദ്ഘാടനം ചെയ്‌തു.
ഹൈദരാബാദിലെ വനിത സുരക്ഷ വിങ് സമുച്ചയത്തില്‍ നടന്ന ചടങ്ങില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ നിരവധി ആളുകളും പങ്കെടുത്തു. വനിത സുരക്ഷ വിങ്ങിന് കീഴിലാണ് സെല്‍ പ്രവര്‍ത്തിക്കുക.
ട്രാൻസ്‌ജെൻഡറുകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കാനും സുരക്ഷ ഉറപ്പുവരുത്താനും വേണ്ടി പ്രവർത്തിക്കുകയാണ് സെല്ലിന്‍റെ ലക്ഷ്യം. കൂടുതല്‍ വിപുലമായ തോതില്‍ പൊലീസ് സേവനങ്ങള്‍ ഒറ്റത്തവണ പരിഹാരം എന്ന നിലയില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കുവേണ്ടി പ്രവർത്തിക്കുമെന്ന് ഡി.ജി.പി ഉദ്‌ഘാടനവേളയില്‍ പറഞ്ഞു.
ലോഗോയും പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും അടങ്ങിയ ബുക്ക്‌ലെറ്റും ചടങ്ങില്‍ ഡി.ജി.പി പ്രകാശനം ചെയ്‌തു. നാല് സബ് ഇൻസ്‌പെക്‌ടര്‍മാർ, കോൺസ്റ്റബിൾ ഓഫിസർമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് സെല്ലില്‍ പ്രവര്‍ത്തിക്കുക.