ഉത്തരാഖണ്ഡ് : ചമോലി ജില്ലയിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് 16 മരണം. അളകനന്ദ നദിയുടെ തീരത്തെ നമാമി ഗംഗ പദ്ധതി പ്രദേശത്താണ് ദാരുണമായ സംഭവമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടേയും നില ഗുരുതരമാണ്.
ചമോലിയിലെ അളകനന്ദ നദിയുടെ തീരത്തെ നമാമി ഗംഗയുടെ പ്രൊജക്‌ടിന്‍റെ ഭാഗമായുള്ള മലിനജല ശുദ്ധീകരണ കേന്ദ്രത്തിലാണ് സംഭവം. ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് ഇവിടെയുണ്ടായിരുന്ന ഒരാൾക്ക് വൈദ്യുതാഘാതമേറ്റിരുന്നു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവര്‍ അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.
അതേസമയം 16 മരണം സ്ഥിരീകരിച്ചതായി ചമോലി ജില്ലയുടെ ചുമതലയുള്ള മന്ത്രി ധൻ സിങ് റാവത്ത് ഇടിവി ഭാരതിനോട് പറഞ്ഞു. രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്ററുകള്‍ അയച്ചിട്ടുണ്ടെന്നും അൽപ സമയത്തിനുള്ളിൽ അവ സംഭവ സ്ഥലത്ത് എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു.
ദുഃഖം രേഖപ്പെടുത്തി പുഷ്‌കർ സിങ് ധാമി:മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റ എല്ലാവർക്കും മികച്ച ചികിത്സ നൽകുമെന്നും, അന്വേഷണത്തിൽ കുറ്റക്കാർ ആരായാലും അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് ഗർവാൾ കമ്മിഷണർ വിനയ് ശങ്കർ പാണ്ഡെ പറഞ്ഞു. അതിനിടെ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി സംഭവ സ്ഥലത്തെത്തുമെന്നും വൈകുന്നേരത്തോടെ അപകടത്തിൽ പെട്ടവർക്കുള്ള നഷ്‌ടപരിഹാരം പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.