ചെന്നൈ (തമിഴ്‌നാട്): തെക്കൻ തമിഴ്‌നാട്ടിൽ കനത്ത മഴയെ തുടര്‍ന്ന് കേരളത്തിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി. തൂത്തുക്കുടി, കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി ജില്ലകളിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെയാണ് ഈ ജില്ലകളിലേക്കുള്ള വന്ദേഭാരത് ഉൾപ്പെടെ അയൽ സംസ്ഥാനമായ കേരളത്തിലേക്കുള്ള ട്രെയിനുകളും റദ്ദാക്കിയത് (Train services to Kerala have been cancelled). തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിൽ കൂടുതൽ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വന്ദേ ഭാരത്, ട്രെയിനുകൾ റദ്ദാക്കി:കനത്ത മഴയെത്തുടർന്ന് തിരുനെൽവേലിയിലേക്കും ചെന്നൈയിലേക്കും സർവീസ് നടത്തുന്ന വന്ദേ ഭാരത് റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ഗുരുവായൂർ എക്‌സ്‌പ്രസ്, തിരുച്ചിറപ്പള്ളി - തിരുവനന്തപുരം എക്‌സ്പ്രസ്, നാഗർകോവിൽ - കോയമ്പത്തൂർ എക്‌സ്പ്രസ്, തിരുനെൽവേലി - തിരുച്ചെന്തൂർ പാസഞ്ചർ, നിസാമുദ്ദീൻ - കന്യാകുമാരി എക്‌സ്പ്രസ് എന്നിവയാണ് മഴയെ തുടർന്ന് റദ്ദാക്കിയ മറ്റ് ട്രെയിനുകൾ.
പേൾ സിറ്റി എക്‌സ്‌പ്രസ് കോവിൽപട്ടി ജംഗ്ഷനിൽ നിര്‍ത്തേണ്ടി വന്നതിനാല്‍ ഭാഗികമായി റദ്ദാക്കി. ചെന്നൈ എഗ്‌മോർ-ക്വയിലോൺ എക്‌സ്പ്രസ് വിരുദുനഗറിലും താംബരം-നാഗർകോവിൽ എക്‌സ്പ്രസ് കൊടൈക്കനാൽ റോഡ് സ്റ്റേഷനിലും നിർത്തി. പ്രസ്‌തുത മൂന്ന് ജില്ലകളിലേക്കുള്ള ബസ് സർവീസുകൾ മറ്റ് ഡിവിഷനുകളിൽ നിന്ന് നിർത്തിവച്ചതായി ഗതാഗത വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. കനത്ത വെള്ളപ്പൊക്കത്തെത്തുടർന്ന് റീജിണൽ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾ നടത്തുന്ന അന്തർ ജില്ലാ സർവീസുകളും നിർത്തിവച്ചിരിക്കുകയാണ്.
അണക്കെട്ടുകള്‍ തുറന്നു: താമിരഭരണി നദിയിലെ ജലനിരപ്പ് ജലവിഭവ വകുപ്പിന്‍റെ നിരന്തരമായ നിരീക്ഷണത്തിലാണ്. നദി കരകവിഞ്ഞൊഴുകുന്നതിനാൽ, തെക്കൻ തമിഴ്‌നാട്ടിലെ ഡ്രൈ റൺ പദ്ധതിക്ക് കീഴിലുള്ള കന്നേഡിയന്‍ ചാനലിലേക്ക് മിച്ചജലം തുറന്നുവിടാൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉത്തരവിട്ടു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സ്റ്റാലിൻ തന്‍റെ കാബിനറ്റ് സഹപ്രവർത്തകരെ മഴ ബാധിത ജില്ലകളിലേക്ക് അയച്ചു. അതേസമയം, പേച്ചിപ്പാറ, പെരുഞ്ഞാണി, പാപനാശം അണക്കെട്ടുകള്‍ തുറന്നുവിടുന്നതിനാല്‍ രണ്ട് ലക്ഷത്തോളം വരുന്ന പ്രദേശവാസികൾക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ അയച്ചു.