ന്യൂഡൽഹി:ട്രെയിൻ ഗാർഡ് എന്ന തസ്‌തികപ്പേര് പരിഷ്‌കരിച്ച് ഇന്ത്യൻ റെയിൽവേ. ഇനി മുതൽ 'ട്രെയിൻ മാനേജർ' എന്ന പദവിയിലായിരിക്കും ഇവർ അറിയപ്പെടുക. ഉദ്യോഗസ്ഥരുടെ ദീർഘകാലമായ ആവശ്യത്തെത്തുടർന്നാണ് പദവി പരിഷ്‌കരിക്കാൻ റെയിൽവേ തീരുമാനിച്ചത്.
2004 മുതൽ തന്നെ ഗാർഡ് എന്ന പദവി മാറ്റണമെന്ന് ജീവനക്കാരിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. സ്വകാര്യ സ്ഥാനപങ്ങളിൽ ജോലിക്ക് നിൽക്കുന്ന ഗാർഡുകൾക്ക് തുല്യമായാണ് സമൂഹം തങ്ങളെ കാണുന്നതെന്നും, കൊടി കാണിക്കുന്നതോ, സിഗ്‌നൽ ലൈറ്റ് കാണിക്കുന്നതോ മാത്രമല്ല തങ്ങളുടെ ജോലി എന്നുമായിരുന്നു ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്.
അതേസമയം പേര് മാറ്റത്തിലൂടെ ജീവനക്കാരെല്ലാം സന്തുഷ്‌ടരാണെന്ന് റെയിൽവേ അറിയിച്ചു. എന്നാൽ തസ്‌തികയുടെ പേര് മാറ്റുന്നതിലൂടെ ശമ്പള സ്കെയിലിൽ മാറ്റം ഒന്നും തന്നെ ഉണ്ടായിരിക്കില്ലെന്ന് റെയിൽവേ വ്യക്‌തമാക്കി. ഇത് സംബന്ധിച്ച് റെയിൽവേയുടെ എല്ലാ ജനറൽ മാനേജർമാർക്കും കത്ത് നൽകിയിട്ടുണ്ട്.
ALSO READ:India Covid Updates | രാജ്യത്ത് 2,71,202 പേര്‍ക്ക് കൂടി കൊവിഡ്, 314 മരണം
പദവിയുടെ പേര് മാറ്റിയതനുസരിച്ച് അസിസ്റ്റന്‍റ് ഗാർഡിനെ അസിസ്റ്റന്‍റ് പാസഞ്ചർ ട്രെയിൻ മാനേജർ എന്നും, ഗുഡ്‌സ് ഗാർഡിനെ ഗുഡ്‌സ് ട്രെയിൻ മാനേജർ എന്നും, സീനിയർ ഗുഡ്‌സ് ഗാർഡിനെ സീനിയർ ഗുഡ്‌സ് ട്രെയിൻ മാനേജർ എന്നും, സീനിയർ പാസഞ്ചർ ട്രെയിൻ മാനേജരെ സീനിയർ പാസഞ്ചർ ഗാർഡ് എന്നും വിളിക്കും.