ഗാന്ധിനഗര്‍:വിവാഹത്തിന് വിസമ്മതിച്ച യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ട്രാഫിക് പൊലീസ് ഇന്‍സ്‌പെക്‌ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സൂറത്ത് ട്രാഫിക് ഇന്‍സ്‌പെക്‌ടറായ യശ്‌പാൽ ഗോഹിലിനെതിരെയാണ് ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തത്. വ്യാഴാഴ്‌ചയാണ്(ഒക്‌ടോബര്‍ 6) ഗുജറാത്തിലെ സുരേന്ദ്ര നഗര്‍ സ്വദേശിനി പ്രിയങ്ക ബെന്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
വിവാഹത്തിന് വിസമ്മതിച്ച യുവതിക്ക് വധഭീഷണി; ട്രാഫിക് പൊലീസ് ഇന്‍സ്‌പെക്‌ടര്‍ക്കെതിരെ കേസ്
ഭര്‍ത്താവിനെയും മക്കളെയും കൊല്ലുമെന്ന് ട്രാഫിക് പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ഭീഷണിപ്പെടുത്തിയെന്ന് യുവതി
2016 മുതല്‍ വിവാഹം ചെയ്യാന്‍ വേണ്ടി ഇയാള്‍ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും 2021 നവംബറില്‍ ആവശ്യം ഉന്നയിച്ച് യശ്‌പാൽ ഗോഹിലിന്‍റെ ഡ്രൈവര്‍ തന്‍റെ വീട്ടിലെത്തിയെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. തനിക്ക് ഭര്‍ത്താവും രണ്ട് മക്കളും ഉണ്ടെന്ന് പറഞ്ഞെങ്കിലും ഭര്‍ത്താവിനെയും മക്കളെയും കൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. മാത്രമല്ല തന്‍റെ മൊബൈല്‍ ഫോണ്‍ അനധികൃതമായി നിരീക്ഷണത്തിലാക്കുകയും ഇയാളുടെയും തന്‍റെയും ഫോട്ടോ മോര്‍ഫ് ചെയ്‌ത് തങ്ങള്‍ വിവാഹിതരാണെന്ന് പറഞ്ഞ് ഭര്‍ത്താവിനെയും കുടുംബത്തെയും കാണിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു.
ലൈംഗികാതിക്രമം, വീട്ടിൽ അതിക്രമിച്ച് കയറൽ, വധഭീഷണി, വിവരസാങ്കേതിക നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.