ഹൈദരാബാദ്: തെലങ്കാന സർക്കാർ കൊക്കാപേട്ടിലെ ഭൂമി ലേലം ചെയ്‌തതിനെതിരെ കോൺഗ്രസ് ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ എ രേവന്ത് റെഡ്ഡി വീട്ടുതടങ്കലിൽ. പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാനായി ന്യൂഡൽഹിയിലേക്ക് പോകാനിരിക്കെയാണ് തെലങ്കാന പൊലീസ് അദ്ദേഹത്തെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്.
റെഡ്ഡി കോക്കാപേട്ട് സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നതായും ക്രമസമാധാന പാലനത്തിനുള്ള മുൻകരുതൽ നടപടിയായാണ് അദ്ദേഹത്തെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. പാർലമെന്‍റ് സമ്മേളനത്തിന് പോകണം എന്ന് അറിയിച്ചിരുന്നെങ്കിലും ജൂലൈ 19 പുലർച്ചെ മൂന്ന് മണിയോടെ പൊലീസ് സംഘത്തെ അദ്ദേഹത്തിന്‍റെ വീടിന് മുന്നിൽ വിന്യസിച്ചതായി റെഡ്ഡിയുടെ ഓഫീസ് അറിയിച്ചു.
Also Read:പെഗാസസ്; മോദിയും അമിത് ഷായും വിശദീകരണം നൽകണമെന്ന് ശിവസേന
റെഡ്ഡിക്കൊപ്പം യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അനിൽ കുമാർ യാദവിനെയും ഹൈദരാബാദ് പൊലീസ് വീട്ടുതടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച കൊക്കാപേട്ടയിൽ സർക്കാർ ഭൂമി ലേലം ചെയ്തത് കെ ചന്ദ്രശേഖർ റാവു സർക്കാർ നടത്തിയ വലിയ അഴിമതിയാണെന്ന് രേവന്ത് റെഡ്ഡി ആരോപിച്ചിരുന്നു.
ജൂലൈ 19ന് ആരംഭിക്കുന്ന പാർലമെന്‍റിന്‍റെ മൺസൂൺ സമ്മേളനത്തിൽ കൃഷ്ണ ജല തർക്ക വിഷയവും ഉന്നയിക്കുമെന്ന് ശനിയാഴ്ച റെഡ്ഡി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ സർക്കാർ ഭൂമിയിലാണ് റാവു ലേലം നടത്തുന്നതെന്നും റെഡ്ഡി പറഞ്ഞു. ഇ-ലേലത്തിൽ, കെസിആറുമായി അടുത്തിടപഴകുന്ന കമ്പനികൾക്ക് മാത്രമേ ഭൂമി ലഭിച്ചിട്ടുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
റെയിൽ കോച്ച് ഫാക്‌ടറി, ട്രൈബൽ സർവകലാശാല, എയിംസ്, സ്റ്റീൽ ഫാക്‌ടറി, 4000 മെഗാവാട്ട് പവർ പ്രൊജക്‌ട് എന്നിവയിലെ അഴിമതിയും പാർലമെന്‍റിൽ ഉന്നയിക്കുമെന്നും റെഡ്ഡി പറഞ്ഞിരുന്നു.