അടച്ചു പൂട്ടി കര്‍ണാടക, പാടില്ലാത്തത് എന്തൊക്കെ? ഏതെല്ലാം സേവനങ്ങള്‍ ലഭിക്കും? - lockdown
മെയ് 24 വരെയാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്
കർണാടകയിൽ ലോക്ക്‌ഡൗൺ
ബെംഗളുരു: കൊവിഡിന്‍റെ രണ്ടാം തരംഗം അതിതീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ 14 ദിവസത്തെ ലോക്ക്ഡൗൺ ഇന്ന് മുതൽ പ്രാബല്യത്തിൽ. മുൻപ് ഏർപ്പെടുത്തിയ കർഫ്യൂവിനേക്കാൾ കർശന നിയന്ത്രണങ്ങളാണ് മെയ് 24 വരെ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്‌ഡൗണിന് ഉണ്ടാകുക. ലോക്ക്ഡൗൺ കാലയളവിൽ രാവിലെ 6 മുതൽ 10 വരെ അവശ്യവസ്തുക്കൾ വാങ്ങാൻ ആളുകളെ അനുവദിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ ലോക്ക്‌ഡൗൺ മാനദണ്ഡങ്ങൾ പ്രഖ്യാപിക്കുന്നതിനിടെ അറിയിച്ചു.
എന്തൊക്കെ അനുവദനീയമല്ല?
- ഷെഡ്യൂൾ ചെയ്ത വിമാനങ്ങളും ട്രെയിനുകളുമൊഴികെയുള്ളവ പ്രവർത്തിക്കില്ല. ഷെഡ്യൂൾ ചെയ്ത വിമാന, ട്രെയിൻ ടിക്കറ്റുകൾ വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും വാഹനങ്ങൾ സഞ്ചരിക്കുന്നതിനുള്ള പാസുകളായി ഉപയോഗിക്കാം.
- മെട്രോ ട്രെയിൻ, ട്രാൻസ്പോർട്ട് ബസ് സർവ്വീസ് ഉൾപ്പെടെയുള്ള പൊതു ഗതാഗത സേവനങ്ങൾ ഒന്നുംതന്നെ പ്രവർത്തിക്കില്ല.
- അടിയന്തിര സാഹചര്യങ്ങളിലൊഴികെ ടാക്സികൾ, ഓട്ടോറിക്ഷകൾ, ക്യാബ് സേവനങ്ങൾ എന്നിവക്ക് നിരോധനം.
- സ്കൂളുകൾ, കോളജുകൾ, കോച്ചിങ് സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കും. ഓൺലൈൻ ക്ലാസുകൾ അനുവദനീയമാണ്.
- റെസ്റ്റോറന്‍റുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ ഹോം ഡെലിവറികൾ മാത്രമേ ഉണ്ടായിരിക്കുള്ളൂ. പാഴ്സലുകൾ എത്തിക്കുന്നതിന് വ്യക്തികൾക്ക് വാഹനങ്ങൾ ഉപയോഗിക്കാൻ സാധിക്കില്ല. കാൽനടയായി മാത്രമേ സഞ്ചരിക്കാൻ അനുമതിയുള്ളൂ. ഹോട്ടലുകൾക്കും റെസ്റ്റോറന്‍റുകൾക്കും ഭക്ഷണ പാർസലുകൾ വിതരണം ചെയ്യുന്നതിന് വാഹനങ്ങൾ ഉപയോഗിക്കാം.
- തിയറ്ററുകൾ, സിനിമാ ഹാളുകൾ, ജിംനേഷ്യം, ഷോപ്പിങ് മാളുകൾ, സ്പോർട്സ് കോംപ്ലക്സുകൾ, സ്റ്റേഡിയങ്ങൾ, കളിസ്ഥലങ്ങൾ, നീന്തൽക്കുളങ്ങൾ, പാർക്കുകൾ, ബാറുകൾ, ക്ലബ്ബുകൾ എന്നിവ പ്രവർത്തിക്കില്ല.
- പൊതുയോഗങ്ങൾ ഉണ്ടാവില്ല. മത സ്ഥലങ്ങളും ആരാധനാലയങ്ങളും പ്രവർത്തിക്കില്ല.
- ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കൊഴികെയുള്ള എല്ലാ ഹോസ്പിറ്റാലിറ്റി സേവനങ്ങളും നിർത്തിവച്ചു.
കണ്ടെയ്ൻമെന്‍റ് സോണിന് പുറത്ത് പ്രവർത്തിക്കുന്ന ആരോഗ്യ സേവനങ്ങൾ
- ആശുപത്രികൾ, നഴ്സിങ് ഹോമുകൾ, ക്ലിനിക്കുകൾ, ലാബുകൾ, ഡിസ്പെൻസറികൾ, ഫാർമസികൾ, കെമിസ്റ്റുകൾ, ജൻ ഔഷധി കേന്ദ്രങ്ങൾ, ബ്ലഡ് ബാങ്കുകൾ.
- ഗവേഷണ, ഫാർമസ്യൂട്ടിക്കൽ ലാബുകൾ.
- മെഡിക്കൽ സ്റ്റാഫുകൾ, പാരാമെഡിക്സ്, നഴ്സുമാർ, ശാസ്ത്രജ്ഞർ, ലാബ് ടെക്നീഷ്യൻമാർ എന്നിവരുടെ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള സഞ്ചാരം.
- മരുന്ന് നിർമാണ യൂണിറ്റുകൾ, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, മെഡിക്കൽ ഓക്സിജൻ, ആവശ്യമായ അസംസ്കൃത വസ്തുക്കൾ തുടങ്ങിയവയുടെ നിർമാണം.
- മെഡിക്കൽ ഇൻഫ്രാസ്ട്രക്ചറുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ.
- മരുന്ന്, മെഡിക്കൽ ഉപകരണ ഷോപ്പുകൾ.
പ്രവർത്തനാനുമതിയുള്ള വാണിജ്യ സ്ഥാപനങ്ങൾ
- പലചരക്ക് സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മാംസം, മത്സ്യം, കാലിത്തീറ്റ എന്നിവ വിൽക്കുന്ന കടകൾ രാവിലെ 6 മുതൽ രാവിലെ 10 വരെ പ്രവർത്തിക്കും.
- പൊതു വിതരണ സംവിധാനങ്ങൾക്ക് പ്രവർത്തനാനുമതിയുണ്ട്.
- ഒറ്റപ്പെട്ട് നിൽക്കുന്ന മദ്യവിൽപ്പന ശാലകളിൽ നിന്നും രാവിലെ 6 മുതൽ 10 വരെ മദ്യങ്ങൾ പാഴ്സലായി വാങ്ങാം.
- ഉന്തുവണ്ടികളിലൂടെ പച്ചക്കറികളും പഴങ്ങളും രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ വിൽക്കാം.
- രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ പാൽ ബൂത്തുകളും ഹോപ്കോം ഔട്ട്‌ലെറ്റുകളും അനുവദനീയമാണ്.
- ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾ, കോൾഡ് സ്റ്റോറേജ്, വെയർഹൗസിങ് സേവനങ്ങൾ, സ്വകാര്യ സുരക്ഷാ സേവനങ്ങൾ, ബാങ്കുകൾ, ഇൻഷുറൻസ് ഓഫിസുകൾ, എടിഎമ്മുകൾ എന്നിവ പ്രവർത്തിക്കും.
- പ്രിന്‍റ്, ഇലക്ട്രോണിക് മീഡിയ, ടെലികമ്മ്യൂണിക്കേഷൻ, ഇന്‍റർനെറ്റ്, പ്രക്ഷേപണം, കേബിൾ സേവനങ്ങൾ എന്നിവക്ക് പ്രവർത്തിക്കാം.
- ഇ-കൊമേഴ്‌സ് പോർട്ടലുകൾ വഴി സാധനങ്ങൾ വിതരണം ചെയ്യാം.
- വൈദ്യുതി ഉൽപാദന, പ്രക്ഷേപണ, വിതരണ യൂണിറ്റുകളും സേവനങ്ങളും പ്രവർത്തിക്കും.
- വ്യോമയാനവും മറ്റ് അനുബന്ധ സേവനങ്ങളും അനുവദനീയമാണ്.
കണ്ടെയ്ൻമെന്‍റ് സോണിന് പുറത്ത്
പ്രവർത്തനാനുമതിയുള്ള സാമൂഹിക മേഖല യൂണിറ്റുകൾ
- കുട്ടികൾ, വികലാംഗർ, മാനസിക വെല്ലുവിളി നേരിടുന്നവർ, മുതിർന്ന പൗരന്മാർ, നിരാലംബർ, വിധവകൾ എന്നിവർക്കുള്ള വീടുകൾ
- ഒബ്‌സർവേഷൻ ഹോമുകൾ, കുട്ടികളെ പാർപ്പിച്ചിരിക്കുന്ന സ്ഥലങ്ങൾ
ജീവനക്കാരുടെ സഞ്ചാരം
- തിരിച്ചറിയൽ രേഖ ഹാജരാക്കിയാൽ ടെലികോം, ഇന്‍റർനെറ്റ് സേവന ദാതാക്കളുടെ ജീവനക്കാർക്കും വാഹനങ്ങൾക്കും സഞ്ചരിക്കാം.
- ഐടി, ഐടിഇഎസ് കമ്പനികളിലെ അവശ്യ ജീവനക്കാർക്ക് ഓഫിസുകളിൽ വരാം. മറ്റുള്ളവർക്ക് വർക്ക് ഫ്രം ഹോം ആയിരിക്കും.
- സ്കൂൾ, കോളേജുകൾ, കോച്ചിങ് സ്ഥാപനങ്ങൾ പൂർണ്ണമായും അടക്കും.
- സിനിമാ തിയറ്ററുകൾ, ഷോപ്പിങ് മാളുകൾ, ജിമ്മുകൾ, സ്റ്റേഡിയങ്ങൾ, നീന്തൽക്കുളങ്ങൾ, പാർക്കുകൾ, അമ്യൂസ്മെന്‍റ് പാർക്കുകൾ, ക്ലബ്ബുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, കമ്മ്യൂണിറ്റി ബിൽഡിങുകൾ എന്നിവ രണ്ടാഴ്ചത്തേക്ക് പ്രവർത്തിക്കില്ല.
- എല്ലാ മതസ്ഥലങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കുമുള്ള പ്രവേശനം 14 ദിവസത്തേക്ക് നിരോധിച്ചിരിക്കുന്നു.
- റോഡ് വഴിയുള്ള അന്തർ ജില്ലാ, അന്തർ സംസ്ഥാന പൊതുഗതാഗതം നിരോധിച്ചിരിക്കുന്നു
വ്യക്തികളുടെ സഞ്ചാരം
- മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾക്ക് പരമാവധി 50 പേർക്ക് പങ്കെടുക്കാം.
- ശവസംസ്‌കാരത്തിന് പരമാവധി അഞ്ച് പേർ മാത്രം.
- വിവാഹങ്ങളിലും ശവസംസ്കാര ചടങ്ങുകളിലും പങ്കെടുക്കുന്നവർ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം.