ചെന്നൈ:വ്യാഴാഴ്‌ച മുതൽ മെയ് 20ന് പുലർച്ചെ നാല് മണിവരെ കർശന കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി തമിഴ്‌നാട്. പലചരക്ക് കടകളിൽ എസി പ്രവർത്തിപ്പിക്കുന്നതിനടക്കം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ ഇവ ഉച്ച വരെ മാത്രമെ പ്രവർത്തിക്കാൻ പാടുള്ളു എന്നും നിർദേശമുണ്ട്. നഗരങ്ങളിലെന്ന പോലെ തന്നെ ഗ്രാമീണ മേഖലയിലെ സലൂണുകളും സ്‌പാകളും അടഞ്ഞുകിടക്കും. കൂടാതെ വാരാന്ത്യങ്ങളിൽ മാംസ, മത്സ്യ വിൽപ്പനയും നിരോധിച്ചിട്ടുണ്ട്. മറ്റ് ദിവസങ്ങളിൽ ഇവക്ക് വൈകുന്നേരം ആറ് മണി വരെ പ്രവർത്തിക്കാം.
വിവാഹ ചടങ്ങുകളിൽ 20 പേർക്ക് മാത്രം പങ്കെടുക്കാനെ അനുമതിയുണ്ടാവുകയുള്ളു. ഹോട്ടലുകളിൽ പാഴ്‌സൽ സേവനങ്ങൾ മാത്രമായിരിക്കും ലഭിക്കുക. അതേസമയം ചായക്കടകൾക്ക് ഉച്ചവരെ പ്രവർത്തിക്കാം. പാൽ, മരുന്ന് പോലുള്ള ആവശ്യ സേവനങ്ങൾക്ക് മുടക്കമുണ്ടാവില്ല.
എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും 50 ശതമാനം ഉദ്യോഗസ്ഥരെ വെച്ച് പ്രവർത്തിക്കാം. സംസ്ഥാനത്തെ വലിയ ഷോപ്പിംഗ് മാളുകളുടെയും സമുച്ചയങ്ങളുടെയും പ്രവർത്തനം സർക്കാർ നേരത്തെ നിരോധിച്ചിരുന്നു. പാസഞ്ചർ ട്രെയിനുകൾ, മെട്രോ ട്രെയിനുകൾ, സ്വകാര്യ, സർക്കാർ ടാക്‌സികൾ എന്നിവയ്ക്ക് 50 ശതമാനം യാത്രക്കാരെ കയറ്റി സർവീസ് നടത്താനുള്ള അനുമതിയുണ്ട്.