ന്യൂഡൽഹി: കർഷകരുടെ പ്രതിഷേധത്തെ പിന്തുണച്ചുള്ള 'ടൂൾകിറ്റ്' പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതുമായി ബന്ധപ്പെട്ട കേസിൽ രണ്ട് പേർക്കെതിരെ ജാമ്യമില്ലാ വാറണ്ട്. ഇതേ കേസിൽ കാലാവസ്ഥ പ്രവർത്തകയായ ദിഷ രവിയെ അറസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് പുതുതായി അറസ്റ്റ് വാറണ്ട് പൊലീസ് പുറപ്പെടുവിക്കുന്നത്. ടൂൾക്കിറ്റ് രേഖകൾ തയ്യാറാക്കുന്നതിൽ ഇരുവർക്കും പങ്കുണ്ടെന്നും ഖാലിസ്ഥാൻ അനുകൂല ഘടകങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്നും ആരോപിച്ചാണ് നികിത ജേക്കബ്, ശാന്തനു എന്നിവർക്കെതിരെ പുതുതായി അറസ്റ്റ് വാറണ്ട് പുറുപ്പെടുവിച്ചിരിക്കുന്നത്. ഇരുവരെയും പിടികൂടാനായി മുംബൈയിലും മറ്റ് സ്ഥലങ്ങളിലും പൊലീസ് റെയ്ഡ് നടത്തുന്നുണ്ട്.
ടൂൾകിറ്റ് കേസ്; രണ്ട് പേർക്കെതിരെ ജാമ്യമില്ലാ വാറണ്ട്
ടൂൾക്കിറ്റ് രേഖകൾ തയ്യാറാക്കുന്നതിൽ ഇരുവർക്കും പങ്കുണ്ടെന്നും ഖാലിസ്ഥാൻ അനുകൂല ഘടകങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്നും ആരോപിച്ചാണ് നികിത ജേക്കബ്, ശാന്തനു എന്നിവർക്കെതിരെ പുതുതായി അറസ്റ്റ് വാറണ്ട് പുറുപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം ആദ്യം അറസ്റ്റിലായ ദിഷ രവിയാണ് ടൂൾകിറ്റിന്‍റെ ഗൂഗിൾ ഡോക് ഫയലിന്‍റെ എഡിറ്ററെന്ന് പൊലീസ് പറയുന്നു. ഫയൽ നിർമിക്കുന്നതിലും പ്രചരിപ്പിക്കുന്നതിനും പ്രധാന ഗൂഢാലോചന നടത്തിയതും ദിഷ രവിയാണ്. ഇന്ത്യയില്‍ അസംതൃപ്തി സൃഷ്ടിക്കാൻ ദിഷാ രവിയും മറ്റുള്ളവരും ഖാലിസ്ഥാനി പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി സഹകരിച്ചുവെന്നും പൊലീസ് ആരോപിക്കുന്നു. മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ കർഷകരുടെ പ്രക്ഷോഭത്തിന് പിന്തുണ നൽകുന്നതിനായി കാലാവസ്ഥ പ്രവർത്തകയായ തൻബെർഗ് ടൂൾകിറ്റ് ഡോക്യുമെന്‍റ് പങ്കിട്ടിരുന്നു. കർഷകരുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുക, ഇന്ത്യൻ എംബസികൾക്ക് പുറത്ത് പ്രതിഷേധിക്കുക എന്നിവ ഉൾപ്പെടെ വിവിധ അടിയന്തര നടപടികൾ രേഖയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം ദിഷ രവിയുടെ അറസ്റ്റിനെ ജനാധിപത്യത്തിനെതിരായ അഭൂതപൂർവമായ ആക്രമണമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ഡൽഹി അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ചയും (എസ്‌കെഎം) പ്രവർത്തകയുടെ അറസ്റ്റിനെ അപലപിക്കുകയും ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.