സോളൻ (ഹിമാചൽ പ്രദേശ്) : രാജ്യത്ത് ദിനം പ്രതി തക്കാളി വില കുതിച്ചുയരുകയാണ്. ബെംഗളൂരു, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ കനത്ത മഴ മൂലം തക്കാളിക്ക് ക്ഷാമം നേരിട്ടതോടെ ഹിമാചൽ പ്രദേശിൽ നിന്നാണ് രാജ്യ തലസ്ഥാനത്തേക്കുൾപ്പെടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലേക്കും തക്കാളിയെത്തുന്നത്. അതിനാൽ തന്നെ ഇപ്പോൾ ഹിമാചലിൽ ആപ്പിളിനെക്കാൾ ഉയർന്ന വിലയ്‌ക്കാണ് തക്കാളി വിൽപ്പന നടത്തുന്നത്.
ഹിമാചൽ പ്രദേശിൽ ജൂലൈ മാസം ആരംഭിച്ചപ്പോൾ തന്നെ ആപ്പിൾ സീസണ്‍ ആരംഭിച്ചിരുന്നു. ജൂണ്‍ മാസത്തിന്‍റെ മധ്യത്തോടെയാണ് ഇവിടെ തക്കാളി സീസണ്‍ ആരംഭിച്ചത്. സാധാരണ തക്കളിയെക്കാൾ വളരെ ഉയർന്ന വിലയ്‌ക്കാണ് ഇവിടെ ആപ്പിൾ വിൽപ്പന നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ കഥയാകെ മാറിയിരിക്കുകയാണ്.
ഡിമാൻഡ് ഉയർന്നതോടെ ആപ്പിളിനെക്കാൾ ഉയർന്ന വിലയ്‌ക്കാണ് ഇപ്പോൾ ഇവിടെ തക്കാളി വിൽപ്പന നടത്തുന്നത്. നിലവിൽ ഹിമാചലിൽ തക്കാളി കിലോയ്‌ക്ക് 90 മുതൽ 95 രൂപയ്‌ക്കും ആപ്പിൾ കിലോയ്‌ക്ക് 70 മുതൽ 80 രൂപയ്‌ക്കുമാണ് വിൽപ്പന നടത്തുന്നത്. ഹിമാചലിന്‍റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന സംഭാവനയായാണ് ആപ്പിൾ കണക്കാക്കപ്പെടുന്നത്.
എന്നാൽ ഇത്തവണ ഹിമാചലിന്‍റെ സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിൽ തക്കാളിയും പ്രധാന പങ്കാണ് വഹിക്കുന്നത്. തോരാമഴയിൽ ഈ സീസണിൽ ഉത്‌പാദനം ഗണ്യമായി കുറഞ്ഞതോടെ തക്കാളി കർഷകർക്ക് മികച്ച വിലയാണ് ലഭിക്കുന്നത്. സീസണിന്‍റെ തുടക്കത്തിൽ ഒരു പെട്ടിക്ക് 800 രൂപ മുതൽ 900 രൂപ വരെ വിലയുണ്ടായിരുന്ന തക്കാളി ഇന്ന് പച്ചക്കറി മാർക്കറ്റിൽ 1800 രൂപ മുതൽ 2300 രൂപ വരെ വിലയ്ക്കാണ് വിൽക്കുന്നത്.
കഴിഞ്ഞ വർഷം തക്കാളി പെട്ടിക്ക് 500 രൂപ മുതൽ 1700 രൂപ വരെയായിരുന്നു വില. ബെംഗളൂരു, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ തക്കാളിക്ക് ക്ഷാമം നേരിടുന്നതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് ഹിമാചലിലെ തക്കാളിക്ക് ഡിമാൻഡ് ഏറിയത്. ഹിമാചലിൽ തക്കാളിയുടെ ലഭ്യത വർധിച്ചതിനാൽ കർഷകർക്ക് മികച്ച വിലയും ലഭിക്കുന്നുണ്ട്.