ഛണ്ഡീഗഢ് : രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ദിനംപ്രതി നിരവധി വാർത്തകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. തക്കാളി വിറ്റ് കിട്ടിയ പണത്തിനായി കൊലപാതകം, കൃഷിയിടത്തിൽ നിന്ന് തക്കാളി മോഷണം, വിപണിയിൽ വിൽക്കാൻ തക്കാളി കൊണ്ടുപോയ വാഹനം തട്ടിക്കൊണ്ടുപോകൽ എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളും ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി തക്കാളി വിതരണം, മൊബൈൽ വാങ്ങുമ്പോൾ തക്കാളി ഫ്രീയായി നൽകുക, ഒരു പെട്ടി തക്കാളിക്ക് ഒരു ഗ്രാം സ്വർണം വാങ്ങുക, തക്കാളി കൊണ്ട് തുലാഭാരം എന്നിങ്ങനെ കൗതുകകരമായ വാർത്തകളും സമൂഹ മാധ്യമങ്ങളിൽ ഇടംപിടിച്ചിരുന്നു.
ഇപ്പോഴിതാ വില കുതിച്ചുയർന്നതിന്‍റെ പശ്ചാത്തലത്തിൽ മെനുവിൽ നിന്ന് തക്കാളി നീക്കം ചെയ്‌ത് പഞ്ചാബ് രാജ്‌ഭവൻ. ഗവർണർ ബൻവാരിലാൽ പുരോഹിതിന്‍റെ നിർദേശ പ്രകാരമാണ് നടപടി. രാജ്‌ഭവന്‍റെ മെനുവിൽ നിന്ന് തക്കാളി ഉൾപ്പെട്ട എല്ലാ വിഭവങ്ങളും നീക്കം ചെയ്‌തു.
തക്കാളിയുടെ ഉപയോഗം കുറയുന്നതോടെ വില വർധനവ് പിടിച്ചുനിർത്താൻ സാധിക്കുമെന്നാണ് ഗവർണറുടെ അഭിപ്രായം. തക്കാളിയുടെ വിലക്കയറ്റത്തിൽ നട്ടംതിരിയുന്ന സംസ്ഥാനത്തെ പൗരന്മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തക്കാളിയുടെ ഉപഭോഗം താത്കാലികമായി നിർത്താൻ തീരുമാനിച്ചു എന്ന് രാജ്‌ഭവൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു.
തക്കാളിയുടെ ഉപയോഗം കുറക്കുന്നതിലൂടെ ആ പച്ചക്കറിയുടെ വിപണിയിലെ ഡിമാൻഡ് കുറയുമെന്നും വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിയുമെന്നും ഗവർണർ അറിയിച്ചു. വിതരണ ശൃംഖലയിലെ തടസങ്ങളും കാലാവസ്ഥ വ്യതിയാനവും മറ്റുമാണ് നിലവിൽ തക്കാളിയുടെ വില കുതിച്ചുയരാൻ ഇടയാക്കിയതെന്ന് പ്രസ്‌താവനയിൽ പറയുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി തക്കാളിയുടെ വിലയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.
വിലക്കയറ്റം തടയാൻ വിപണിയിൽ തക്കാളിയുടെ ഡിമാൻഡ് കുറയ്‌ക്കുകയാണ് ചെയ്യേണ്ടത്. മറ്റ് പച്ചക്കറികൾ ഉപയോഗിക്കാനും വീടുകളിൽ തയാറാക്കുന്ന ഭക്ഷണത്തിൽ നിന്ന് തക്കാളി അടങ്ങിയിട്ടുള്ള വിഭവങ്ങൾ ഒഴിവാക്കാനും ഗവർണർ ജനങ്ങളോട് അഭ്യർഥിച്ചു. വിഭവങ്ങൾ വിവേകത്തോടെ ഉപയോഗിക്കണമെന്നും വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം അറിയിച്ചു.