ന്യൂഡല്‍ഹി:രാജ്യത്ത് വിപണികളിൽ കുതിച്ചുയര്‍ന്ന് തക്കാളി വില. കിലോയ്ക്ക് 10 മുതല്‍ 20 രൂപ വരെയാണ് കൂടിയത്. ഇതോടെ 80 മുതല്‍ 100 വരെ രൂപയ്ക്കാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഒരു കിലോ തക്കാളി വില്‍ക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരത്ത് 58 രൂപയും എറണാകുളത്ത് 90 രൂപയും കോഴിക്കോട് 75 രൂപയും കണ്ണൂരില്‍ 55 രൂപയും കാസര്‍കോട് 53 രൂപയുമാണാണ് ഒരു കിലോ തക്കാളിക്ക് ഇന്നത്തെ വില.
ചൂടും കനത്ത മഴയും തക്കാളി കൃഷിയെ കാര്യമായി ബാധിച്ചതിനെ തുടര്‍ന്ന് വിതരണം കുറഞ്ഞതാണ് നിലവിലെ വില വര്‍ധനവിന് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. "വിവിധ കാരണങ്ങളാൽ ഈ വർഷം മുൻവർഷങ്ങളെ അപേക്ഷിച്ച് കുറച്ച് തക്കാളി കൃഷിയില്‍ കാര്യമായ കുറവുണ്ടായിരുന്നു. കഴിഞ്ഞ വർഷം ബീൻസ് വില കുതിച്ചുയർന്നതോടെ ഈ വർഷം നിരവധി കർഷകർ ബീൻസ് കൃഷിയിലേക്ക് മാറി.
എന്നാൽ, കാലവർഷം ലഭിക്കാത്തതിനാലുണ്ടായ കൊടും ചൂട് കൃഷിയെ സാരമായി ബാധിച്ചു. പിന്നീട് പെയ്‌ത കനത്ത മഴയെ തുടര്‍ന്നുള്ള വിളനാശം ഏറെ പ്രതിസന്ധി സൃഷ്‌ടിച്ചു. നിലവില്‍ പച്ചക്കറികളുടെ ലഭ്യത ഏറെ പരിമിതമാണ്. പ്രത്യേകിച്ച് തക്കാളിയുട'' -മുംബൈ ആസ്ഥാനമായുള്ള കമ്മോഡിറ്റി മാർക്കറ്റ് വിദഗ്ധനും കെഡിയ അഡൈ്വസറിയുടെ തലവനുമായ അജയ് കേഡിയ പറഞ്ഞു.
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു കിലോ തക്കാളിയുടെ വില 80 രൂപയാണ്. കഴിഞ്ഞ രണ്ട്-മൂന്ന് ദിവസമായി നിരക്ക് പെട്ടെന്ന് ഉയരുകയായിരുന്നുവെന്നാണ് ഡല്‍ഹി നിവാസിയായ വ്യാപാരി മുഹമ്മദ് രാജുവിന്‍റെ വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചത്. കനത്ത മഴയെ തുടർന്നാണ് വില പെട്ടെന്ന് വർധിച്ചതെന്നും മുഹമ്മദ് രാജു കൂട്ടിച്ചേര്‍ത്തു.
യുപിയിലെ കാൺപൂർ മാർക്കറ്റിൽ ഒരാഴ്ച മുമ്പ് കിലോയ്ക്ക് 40 മുതൽ 50 രൂപയ്‌ക്ക് വരെ വിറ്റ തക്കാളി ഇപ്പോൾ കിലോയ്ക്ക് 100 രൂപയ്ക്കാണ് വില്‍ക്കുന്നത്. അവശ്യ പച്ചക്കറികളുടെ രൂക്ഷമായ ക്ഷാമവും ഇവിടെ അനുഭവപ്പെടുന്നുണ്ട്. ചില മൊത്തവിതരണ കേന്ദ്രങ്ങളില്‍ വില കിലോയ്ക്ക് 80-90 രൂപ വരെയാണ്.