ഒരു ഇടവേളയ്‌ക്ക് ശേഷം തക്കാളി വിലയിൽ വീണ്ടും വർധനവ്. സവാളയ്‌ക്കും വിപണിയിൽ വില കൂടുതലാണ്. കേരളത്തിന്‍റെ തലസ്ഥാന നഗരിയിൽ തക്കാളി വില 50 രൂപയിലെത്തിയപ്പോൾ സവാളയുടെ വില 50 കടന്നു. മിക്ക ജില്ലകളിലെയും പച്ചക്കറി വിപണിയിൽ തക്കാളിക്ക് 30 മുതൽ 50 രൂപ വരെയും സവാളയ്‌ക്ക് 55 മുതൽ 60 രൂപ വരെയുമാണ് വില.
ഹൈദരാബാദിൽ 35 രൂപ മുതൽ 40 രൂപ വരെയാണ് തക്കാളി വില. ഉത്സവ സീസണും വിളവെടുപ്പ് സമയത്തെ കാലാവസ്ഥ വ്യതിയാനവുമാണ് പച്ചക്കറി ഇനങ്ങളുടെ വില കുതിച്ചുയരാൻ കാരണമെന്നാണ് വിലയിരുത്തൽ. ഈ വർഷം വേണ്ടത്ര മഴ ലഭിക്കാതിരുന്നതിനാൽ സവാള/ഉള്ളി വിളവ് 60 ശതമാനത്തോളം കുറഞ്ഞുവെന്നാണ് കാർഷിക മാർക്കറ്റിങ് ഉദ്യോഗസ്ഥർ പറയുന്നത്.
തക്കാളിയുടെയും സവാളയുടെയും വില ഒരുപോലെ കുതിച്ചുയരുന്നത് പ്രതിസന്ധിയിലാക്കുന്നു എന്നാണ് ഉപഭോക്താക്കൾ പറയുന്നത്. തക്കാളി വില ഇതിന് മുൻപും കുതിച്ചുയർന്നിരുന്നു. പിന്നീട് കിലോയ്‌ക്ക് 200 രൂപയായിരുന്ന തക്കാളി പിന്നീട് 20 രൂപയിലേക്ക് കൂപ്പുകുത്തുകയും ചെയ്‌തു.
പൊന്നുംവിലയുണ്ടായിരുന്ന കാലം:ഇക്കഴിഞ്ഞ ജൂലൈ- ഓഗസ്റ്റ് മാസങ്ങളിൽ പൊന്നുംവിലയായിരുന്നു തക്കാളിക്ക് ഉണ്ടായിരുന്നത്. തക്കാളിയുടെ വില കിലോയ്‌ക്ക് 200 രൂപയോളം എത്തിയിരുന്നു. വില വർധനവ് മോഷണം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് വരെ ഇടയാക്കി.