ന്യൂഡല്‍ഹി:പാറക്കെട്ടിൽ ബൈക്ക് ഓടിച്ചും, വിമാനത്തില്‍ തൂങ്ങിക്കിടന്നും, ഓടുന്ന ട്രെയിനില്‍ ഫൈറ്റ് ചെയ്‌തും ഹോളിവുഡിന് വേണ്ടി എന്തും ചെയ്യുന്ന ടോം ക്രൂസിനെ Tom Cruise സിനിമ പ്രേമികള്‍ക്ക് അറിയാം. എന്നാലിപ്പോള്‍ തനിക്ക് ഹിന്ദിയിലും സംസാരിക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഹോളിവുഡ് സൂപ്പർ താരം.
'മിഷൻ ഇംപോസിബിൾ' ഏഴാം ഭാഗം റിലീസിനൊരുങ്ങുന്ന സാഹചര്യത്തില്‍ കനേഡിയന്‍ വാര്‍ത്ത ഔട്ട്‌ലെറ്റായ ഈ ടോക്കിന് നല്‍കിയ അഭിമുഖത്തിനിടെ, 'മിഷൻ ഇംപോസിബിൾ' ഫ്രാഞ്ചൈസിയിലെ വിവിധ ഭാഷകളില്‍ പ്രാവീണ്യം നേടിയ ടോമിനെ മാധ്യമപ്രവര്‍ത്തകന്‍ പ്രശംസിച്ചു.
'താങ്കള്‍ക്ക് ചെയ്യാൻ പറ്റാത്ത എന്തെങ്കിലും ഉണ്ടോ? താങ്കള്‍ എന്നോടൊപ്പം ഹിന്ദിയിൽ സംസാരിക്കാൻ പോവുകയാണോ?' -ഇന്ത്യൻ വംശജനായ പത്രപ്രവർത്തകൻ ടോം ക്രൂസിനോട് ചോദിച്ചു.
'നിങ്ങള്‍ക്കൊപ്പം ഞാൻ ഹിന്ദിയിൽ സംസാരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഞാൻ സംസാരിക്കാം. നമുക്ക് ശ്രമിക്കാം.' -ഇപ്രകാരം പറഞ്ഞ ടോം ക്രൂസ് ഹിന്ദി സംസാരിക്കാനുള്ള തന്‍റെ കഴിവ് പരീക്ഷിക്കാൻ തയ്യാറായി.
തുടർന്ന് മാധ്യമ പ്രവർത്തകൻ ഹോളിവുഡ് സൂപ്പർ സ്‌റ്റാറിനോട്, 'നമസ്തേ. ആപ് കൈസേ ഹേ?' എന്ന് പറയാൻ ആവശ്യപ്പെട്ടു. ('നമസ്‌കാരം, താങ്കള്‍ക്ക് സുഖമാണോ?'). ആദ്യ ശ്രമത്തില്‍ തന്നെ കൂപ്പു കൈകളോടെ 'നമസ്തേ, ആപ് കൈസേ ഹേ?' എന്ന് ഉച്ചാരണ ശുദ്ധിയോടെ ടോം ക്രൂസ് പറഞ്ഞു. ഇത് ആരാധകരില്‍ വിസ്‌മയം ഉണ്ടാക്കി.
'മിഷന്‍ ഇംപോസിബിളി'ന്‍റെ ഏഴാം ഭാഗമായ 'മിഷൻ ഇംപോസിബിൾ - ഡെഡ് റെക്കണിങ് പാർട്ട് വൺ' Mission Impossible Dead Reckoning Part One സീരീസിന്‍റെ പ്രൊമോഷന്‍റെ ഭാഗമായുള്ള അഭിമുഖത്തില്‍ നിന്നുള്ള ടോം ക്രൂസിന്‍റെ വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.