ബെംഗളൂരു:കര്‍ണാടകയില്‍ ടോൾ പ്ലാസ ജീവനക്കാരനെ നാല് യുവാക്കള്‍ ചേര്‍ന്ന് ഹോക്കി സ്റ്റിക്കുകൊണ്ട് അടിച്ചുകൊന്നു. ബെംഗളൂരു - മൈസൂര്‍ എക്‌സ്പ്രസ് വേയിൽ ജൂണ്‍ അഞ്ചിന് രാത്രി 12 മണിക്ക് ശേഷമാണ് സംഭവം. ബെംഗളൂരു സൗത്ത് താലൂക്കിലെ തവരെകെരെയിലെ സിക്കെപാല്യ സ്വദേശി പവൻ കുമാർ നായിക്കാണ് (26) മരിച്ചത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്തിന് പരിക്കേറ്റു.
രാമനഗരയിലെ ടോള്‍ പ്ലാസയിലെ ബൂം ബാരിയര്‍ ഉയർത്താൻ വൈകിയതിനെ ചൊല്ലിയുണ്ടായ ചെറിയ വാക്കേറ്റം കയ്യാങ്കളിയിലേക്കും തുടര്‍ന്ന് കൊലയിലേക്കും വഴിമാറുകയായിരുന്നു. രാമനഗര ശേഷഗിരിഹള്ളി ടോൾ പ്ലാസയിലുണ്ടായ സംഭവത്തിന് പിന്നിൽ ബെംഗളൂരുവില്‍ നിന്നും കാറിലെത്തിയ യുവാക്കളാണെന്നാണ് വിവരം. വാക്കേറ്റമുണ്ടായ സമയത്ത് നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു. ശേഷം, ജീവനക്കാരന്‍ ജോലി കഴിഞ്ഞ് ടോള്‍ പ്ലാസയില്‍ നിന്നും മടങ്ങി. തുടര്‍ന്ന് ഇയാള്‍ അത്താഴം കഴിക്കാൻ പോയ സമയം സംഘം പിന്തുടര്‍ന്നെത്തി ഹെജ്ജലയ്ക്കടുത്തുവച്ച്, ഹോക്കി സ്റ്റിക്കുകൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
നാട്ടുകാര്‍ ഇടപെട്ട് ശാന്തമാക്കിയ സംഭവം, ശേഷം..:പ്രതികളെ പിടികൂടാന്‍ പൊലീസ് തെരച്ചിൽ ഊര്‍ജിതമാക്കി. രാത്രി 10നാണ് ശേഷഗിരിഹള്ളി ടോൾ പ്ലാസയില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. ടോൾ ഗേറ്റിന്‍റെ ബൂം ബാരിയര്‍ ഉയര്‍ത്താന്‍ വൈകിയതിനെ തുടർന്ന് യുവാക്കളും ടോൾ പ്ലാസ ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി. ഇത് ഇവര്‍ തമ്മിലുള്ള കയ്യാങ്കാളിയ്‌ക്ക് ഇടയാക്കി.
ഇതോടെ സമീപത്തുണ്ടായിരുന്ന ആളുകളും പ്രദേശവാസികളും ഇടപെട്ട് രംഗം ശാന്തമാക്കി. ശേഷം സംഘം പവനെ പിന്തുടര്‍ന്നെത്തി മര്‍ദിച്ചുകൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബിഡഡി സ്റ്റേഷനിൽ നിന്നും പൊലീസുകാര്‍ സ്ഥലത്തെത്തി മൃതദേഹം ഉടന്‍ തന്നെ ബെംഗളൂരുവിലെ രാജരാജേശ്വരി ആശുപത്രിയിലേക്ക് മാറ്റി.