ബിര്‍മിങ്ഹാം: ബോക്‌സിങ് ഫെഡറേഷന്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന ആരോപണവുമായി ഒളിമ്പിക് മെഡല്‍ ജേതാവും ബോക്‌സിങ് താരവുമായ ലവ്‌ലിന ബോർഗോഹെയ്‌ന്‍. ബിര്‍മിങ്ഹാമില്‍ വച്ച് നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനായി ഞായറാഴ്‌ച രാത്രിയാണ് ലവ്‌ലിന ഗെയിംസ് വില്ലേജിലെത്തിയത്. എന്നാല്‍ ലവ്‌ലിനയുടെ പേഴ്‌സണല്‍ കോച്ചായ സന്ധ്യ ഗുരുംഗിന് അക്രഡിറ്റേഷനില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വില്ലേജില്‍ പ്രവേശനം നിഷേധിച്ചിരുന്നു.
മറ്റൊരു പേഴ്‌സണല്‍ കോച്ചായ അമേയ് കൊലേക്കറിനും പ്രവേശനം ലഭിച്ചില്ല. ഇതിന് പിന്നാലെയാണ് ബോക്‌സിങ് ഫെഡറേഷനെതിരെ ആരോപണവുമായി ലവ്‌ലിന രംഗത്തെത്തിയത്. ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ബോക്‌സിങ് താരം ആരോപണം ഉന്നയിച്ചത്.
'പ്രകടനത്തെ ബാധിക്കുന്നു': 'ഞാന്‍ നേരിടുന്ന നിരന്തര പീഡനത്തെ കുറിച്ച് ഏറെ സങ്കടത്തോടെ എല്ലാവരോടും പറയാനാഗ്രഹിക്കുന്നു. ഒളിമ്പിക് മെഡൽ നേടാൻ എന്നെ സഹായിച്ച പരിശീലകരെ എപ്പോഴും മാറ്റിനിര്‍ത്തുകയാണ്. ഇത് എന്‍റെ പരിശീലനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
എന്‍റെ പരിശീലകരിലൊരാളായ സന്ധ്യ ഗുരുംഗ് ദ്രോണാചാര്യ പുരസ്‌കാര ജേതാവാണ്. ആയിരക്കണക്കിന് അപേക്ഷകള്‍ നല്‍കിയാലും വൈകിയാണ് അവരെ പരിശീലനത്തിനായി അനുവദിക്കുന്നത്. ഇത് എന്‍റെ പരിശീലനത്തെ തടസപ്പെടുത്തുകയും എനിയ്ക്ക് മാനസിക പ്രയാസമുണ്ടാക്കുകയും ചെയ്യുന്നു.
പ്രവേശനം അനുവദിക്കാത്തതിനാല്‍ എന്‍റെ കോച്ച് സന്ധ്യ ഗുരുംഗിന് കോമൺവെൽത്ത് വില്ലേജിന്‍റെ അകത്ത് പ്രവേശിക്കാനായിട്ടില്ല. ഗെയിംസിന് എട്ട് ദിവസം മാത്രമുള്ളപ്പോള്‍ എന്‍റെ പരിശീലനത്തിന് തടസമുണ്ടായിരിക്കുകയാണ്. എന്‍റെ അഭ്യര്‍ഥനകള്‍ക്കിടയിലും മറ്റൊരു പരിശീലകനെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു,' ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ ലവ്‌ലിന പറഞ്ഞു.
ഇസ്‌താംബുളിൽ വച്ച് നടന്ന കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിന് മുമ്പും തനിക്ക് സമാനമായ അനുഭവമുണ്ടായെന്നും ബിര്‍മിങ്ഹാം ഗെയിംസിലും സമാനമായ എന്തെങ്കിലും സംഭവിക്കുമെന്ന് താൻ ഭയപ്പെടുന്നുണ്ടെന്നും ലവ്‌ലിന ആരോപിച്ചു. 'ഇതിനെല്ലാമിടയില്‍ എന്‍റെ മത്സരത്തില്‍ ഞാൻ എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് എനിക്ക് മനസിലാകുന്നില്ല. സമാന അവസ്ഥ കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിലെ എന്‍റെ പ്രകടനത്തെ ബാധിച്ചിരുന്നു,' ലവ്‌ലിന പറഞ്ഞു.
പ്രതികരണവുമായി ബിഎഫ്‌ഐ:സംഭവത്തിന് പിന്നാലെ പ്രതികരണവുമായി ബോക്‌സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഎഫ്‌ഐ) രംഗത്തെത്തി. അക്രഡിറ്റേഷൻ നടപടിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനാണെന്നും (ഐഒഎ) പ്രശ്‌നം ഉടൻ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബോക്‌സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. 'സന്ധ്യയുടെ അക്രഡിറ്റേഷൻ ലഭിക്കാൻ ഐഒഎയും ബിഎഫ്‌ഐയും നിരന്തരം പ്രവർത്തിക്കുന്നുണ്ട്.
അക്രഡിറ്റേഷൻ ഐഒഎയുടെ കൈയ്യിലാണ്, ഇന്നോ നാളെയോ അക്രഡിറ്റേഷൻ ലഭിക്കും. എല്ലാ പേരുകളും ഞങ്ങൾ നേരത്തെ നല്‍കിയിരുന്നുവെങ്കിലും ക്വാട്ട സംവിധാനമാണ് നിലവിലുള്ളത്. യോഗ്യത നേടിയ കായികതാരങ്ങളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ 25 ശതമാനം ക്വാട്ടയുണ്ട്. അതില്‍ കോച്ച്, ഡോക്‌ടര്‍ ഉള്‍പ്പെടെ നാല് ഒഫീഷ്യല്‍സ് ഉണ്ടായിരുന്നു,' ബിഎഫ്‌ഐ സെക്രട്ടറി ഹേമന്ത് കലിത പറഞ്ഞു.
'ഞങ്ങൾ ഒഫീഷ്യല്‍സിന്‍റെ എണ്ണം ഉയര്‍ത്താന്‍ ഐഒഎയോട് അഭ്യർഥിച്ചിരുന്നു, തുടര്‍ന്ന് ക്വാട്ട എട്ടായി ഉയർത്തി. നാല് പേർ വില്ലേജിനകത്തും നാല് പേർ പുറത്തും താമസിക്കണം. പകൽ അവര്‍ക്ക് വില്ലേജില്‍ പ്രവേശിക്കാം, എന്നാല്‍ രാത്രിയിൽ അവർ മടങ്ങണം,' ബിഎഫ്‌ഐ സെക്രട്ടറി കൂട്ടിച്ചേർത്തു.
അതേസമയം, വിഷയത്തില്‍ ഉചിതമായ തീരുമാനത്തിലെത്താൻ ശ്രമിക്കുമെന്ന് സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അറിയിച്ചു. 'ബിഎഫ്‌ഐയോടൊപ്പം സായിയും വിഷയം ഏറ്റെടുത്തിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാനും മെഡല്‍ പ്രതീക്ഷയായ ലവ്ലിനയ്ക്ക് ഏറ്റവും മികച്ച തയ്യാറെടുപ്പ് ഉറപ്പാക്കാനും കായിക മന്ത്രാലയം ഐഒഎയുമായി ചർച്ച നടത്തിവരികയാണ്,' സായ് ഉദ്യോഗസ്ഥർ പറഞ്ഞു.