ടോക്കിയോ: ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ടോക്കിയോയില്‍ ഇന്ത്യൻ വനിതകൾ കളം നിറഞ്ഞപ്പോൾ ഇന്ത്യൻ ഹോക്കിക്ക് മാത്രമല്ല, രാജ്യത്തിനാകെ അഭിമാനം. വെങ്കലത്തിനായുള്ള പോരാട്ടത്തിൽ ബ്രിട്ടനോട് തോറ്റ് മടങ്ങുമ്പോഴും ഒളിമ്പിക്‌സിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ഈ ടീം ഉയർത്തുന്ന പ്രതീക്ഷകൾ വാനോളമാണ്.
Also Read: 'ഈ വിജയം കൊവിഡ് പോരാളികള്‍ക്ക്'; വികാരാധീനനായി മന്‍പ്രീത്
വെങ്കല മെഡലിനായുള്ള മത്സരത്തില്‍ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ബ്രിട്ടൻ ജയിച്ചു കയറിയത്. എലീന റേയർ (16 മിനിട്ട്), സാറാ റോബർട്‌സ് (24), ഹോളി പേർണി വെബ്ബ് (35), ഗ്രെയ്‌സ് ബാൾസ്‌ഡണ്‍ (48) എന്നിവരാണ് ബ്രിട്ടന് വേണ്ടി ഗോൾ നേടിയത്. ഇന്ത്യയ്‌ക്കായി ഗുർജീത് കൗർ ഇരട്ട ഗോൾ നേടി. ആദ്യ രണ്ട് ഗോളുകളും 25, 26 മിനിട്ടുകളിൽ ഗുർജീത് നേടിയപ്പോൾ മൂന്നാം ഗോൾ 29-ാം മിനിട്ടിൽ വന്ദന കടാരിയ ആണ് നേടിയത്.
വിജയ പ്രതീക്ഷയോടെ ഇറങ്ങിയ ഇന്ത്യയ്‌ക്ക് അവസാന ക്വാർട്ടറിലാണ് തിരിച്ചടി നേരിട്ടത്. എന്നാൽ 48-ാം മിനിറ്റിൽ ഗ്രെയ്‌സ് ബാൾസ്‌സണിലൂടെ ബ്രിട്ടണ്‍ ലീഡ് പിടിച്ചതോടെയാണ് കളിയുടെ ഗതി മാറിയത്. ഒളിമ്പിക്‌സിലെ ഇന്ത്യൻ വനിത ഹോക്കി ടീമിന്‍റെ ഏറ്റവും മികച്ച പ്രകടനമാണ് ടോക്കിയോയിൽ കണ്ടത്. 1980 ലെ മോസ്കോ ഒളിമ്പിക്‌സിൽ ആറാമത് എത്തിയതാണ് ഇതിനു മുമ്പുള്ള മികച്ച പ്രകടനം. വനിത ഹോക്കി ഫൈനൽ പോരാട്ടത്തിൽ വെള്ളിയാഴ്ച അർജന്‍റീന- നെതർലൻഡിനെ നേരിടും.