ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ 125–ാം ജന്മവാർഷികാഘോഷങ്ങൾക്ക് ഇന്ന് കൊൽക്കത്തയിൽ ഔപചാരികമായി തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് വിക്ടോറിയ മെമ്മോറിയൽ ഹാളിലെ ഉദ്ഘാടനച്ചടങ്ങ്. ബംഗാൾ തെരഞ്ഞെടുപ്പു ചൂടിൽ തിളയ്ക്കുന്നതിനിടെ മോദിയും മുഖ്യമന്ത്രി മമത ബാനർജിയും ഒരേ വേദിയിലെത്തുന്നു എന്ന പ്രതേകതയും ഈ ചടങ്ങിനുണ്ട്.
1897 ജനുവരി 23ന് ഒഡീഷയിലെ കട്ടക്കിലായിരുന്നു നേതാജിയുടെ ജനനം. ജനുവരി 23 കേന്ദ്ര സർക്കാർ ‘പരാക്രം ദിവസ്’ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. വിക്ടോറിയ മെമ്മോറിയലിൽ അദ്ദേഹത്തിന്‍റെ മ്യൂസിയവും ഇന്ന് ഉദ്ഘാടനം ചെയ്യും. ഐഎൻഎ സേനാനികളെയും കുടുംബങ്ങളെയും ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്.
അതേ സമയം നേതാജിയുടെ ഓർമ്മകൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെ നേതാജിയുടെ ദീപ്തസ്മരണകൾ പ്രധാനമന്ത്രി പങ്കുവെച്ചത്. കരുത്തുളള, അഭിമാനമുളള ഇന്ത്യയ്ക്ക് രൂപം നൽകാൻ നേതാജിയുടെ ആശയങ്ങളും ചിന്തകളും സദാ പ്രചോദനം നൽകുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ആത്മവിശ്വാസമുളള സ്വയംപര്യാപ്തമായ ഇന്ത്യയിലേക്ക് ഇത് നയിക്കും. മനുഷ്യകേന്ദ്രീകൃതമായ സമീപനത്തിലൂടെ വരും വർഷങ്ങളിൽ മികച്ച ഭൂമിയുടെ നിർമിതിക്ക് അതിടയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നേതാജി താമസിച്ചിരുന്ന ഹരിപുരയിൽ നടത്തിയ സന്ദർശനത്തിന്‍റെ ഓർമ്മകളും നരേന്ദ്രമോദി പങ്കുവെച്ചു. 1938 ലെ ചരിത്രപരമായ ഹരിപുര സമ്മേളനത്തിലായിരുന്നു നേതാജി കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തത്. ഇതിന്‍റെ ഓർമ്മ പുതുക്കി ഹരിപുര സന്ദർശിച്ചപ്പോൾ 51 കാളകളെ കെട്ടിയ തേരിൽ തന്നെ സ്വീകരിച്ചതിന്‍റെ ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചു. ഹരിപുരയിലെ ജനങ്ങളുടെ സ്‌നേഹം ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് പരാമർശിച്ചായിരുന്നു ഈ ചിത്രങ്ങൾ അദ്ദേഹം പങ്കുവെച്ചത്.