ന്യൂഡല്‍ഹി:ഇന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ 133-ാം ജന്മദിനം. സ്വാതന്ത്ര്യ സമര നായകനും ആധുനിക ഇന്ത്യയുടെ ശില്‍പിയുമായ നെഹ്‌റുവിനെ രാജ്യം അനുസ്‌മരിക്കുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷ സോണിയ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങി നിരവധി പ്രമുഖര്‍ ഡൽഹിയിലെ നെഹ്‌റു സ്‌മാരകമായ ശാന്തിവനിൽ പുഷ്‌പാർച്ചന നടത്തി.
'ആധുനിക ഇന്ത്യയുടെ നിര്‍മാതാവാണ് പണ്ഡിറ്റ് നെഹ്‌റുവെന്നും അദ്ദേഹത്തിന്‍റെ മഹത്തായ സംഭാവനകളില്ലാതെ ഈ 21-ാം നൂറ്റാണ്ടിനെ സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നും' കോണ്‍ഗ്രസ് അധ്യക്ഷ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഏറ്റവും കൂടുതല്‍ കാലം ഇന്ത്യന്‍ പ്രധാനമന്ത്രിയായി തുടര്‍ന്ന വ്യക്തിയാണ് നെഹ്‌റു. പ്രമുഖനായ സ്വാതന്ത്ര്യ സമര സേനാനി എന്നതിനപ്പുറം മികച്ച എഴുത്തുകാരനും, വാഗ്‌മിയുമായിരുന്നു നെഹ്‌റു.
രാജ്യത്തിന്‍റെ വിദ്യാഭ്യാസ മേഖലയിലെ ഉന്നമനത്തിനായി പ്രയത്നിച്ച വ്യക്തി കൂടിയാണ് ജവഹര്‍ലാല്‍ നെഹ്‌റു. രാജ്യത്തെ മുഴുവന്‍ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കാനായി അദ്ദേഹം പരിശ്രമിച്ചു. മാത്രമല്ല അദ്ദേഹത്തിന്‍റെ ഭരണകാലത്ത് നിരവധി സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിര്‍മിക്കപ്പെട്ടു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ണമായും അദ്ദേഹം സൗജന്യമാക്കി.
വിദ്യാഭ്യാസത്തെ കുറിച്ച് അറിവില്ലാത്തവരില്‍ അദ്ദേഹം അവബോധം വളര്‍ത്തി. ഗ്രാമങ്ങള്‍ തോറും ആയിര കണക്കിന് സ്‌കൂളുകള്‍ അദ്ദേഹം സ്ഥാപിച്ചു. മാത്രമല്ല കുട്ടികളിലെ പോഷകാഹാര കുറവ് നികത്താനായി ഭക്ഷണവും പാലുമെല്ലാം അദ്ദേഹം സൗജന്യമായി നല്‍കി. 'ഇന്നത്തെ കുട്ടികള്‍ നാളത്തെ ഇന്ത്യയെ സൃഷ്‌ടിക്കും. നാം അവരെ വളര്‍ത്തിയെടുക്കുന്ന രീതി രാജ്യത്തിന്‍റെ ഭാവി നിര്‍ണയിക്കുമെന്ന്' ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞിരുന്നു.
വിദ്യാഭ്യാസ മേഖലയിലെന്ന പോലെ തന്നെ രാജ്യത്തെ കാര്‍ഷിക, വ്യവസായ, ശാസ്‌ത്ര രംഗത്തിന്‍റെ വികസനത്തിനായി നെഹ്‌റു പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോക രാഷ്‌ട്ര സമുച്ചയത്തില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളുമെല്ലാം നെഹ്‌റുവിന്‍റെ പ്രയത്നത്തിന്‍റെ ഫലം തന്നെയാണെന്ന് പറയാം. മോത്തിലാല്‍ നെഹ്‌റുവിന്‍റെയും സ്വരൂപ് റാണിയുടെയും മകനായി 1889ലാണ് നെഹ്‌റു ജനിച്ചത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്‍റായ പിതാവിന്‍റെ പാത പിന്തുടര്‍ന്നാണ് നെഹ്റു സ്വാതന്ത്ര്യ സമര പോരാട്ട രംഗത്തേക്കെത്തുന്നത്. 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം വഹിച്ച അദ്ദേഹം മരണം വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്‌തു. 1964ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ മരണ ശേഷമാണ് ദേശീയ തലത്തില്‍ ശിശുദിനം ആഘോഷമാക്കാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ നവംബര്‍ 14നാണ് ശിശുദിനമെങ്കില്‍ നവംബര്‍ 20-നാണ് ഐക്യരാഷ്‌ട്ര സഭയുടെ ആഹ്വാനപ്രകാരം ആഗോള ശിശുദിനമായി ആചരിക്കുന്നത്.
ഇന്ത്യയുടെ നേട്ടത്തിനും ഇന്ത്യന്‍ ജനതക്കും വേണ്ടി നെഹ്‌റു രൂപം നല്‍കിയ ജനാധിപത്യ മൂല്യങ്ങളെല്ലാം കാറ്റില്‍ പറത്തുന്ന കാഴ്‌ചയ്‌ക്കാണിപ്പോള്‍ രാജ്യം സാക്ഷിയാകുന്നത്. രാജ്യത്ത് നെഹ്‌റുവിന്‍റെ ആശയങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരേണ്ട കാലം അതിക്രമിച്ചിരിക്കുന്ന സാഹചര്യത്തില്‍ നെഹ്‌റുവിന്‍റെ ആശയാദര്‍ശങ്ങള്‍ ഇന്ത്യന്‍ ജനതയ്ക്ക് വഴിക്കാട്ടിയാകട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം.