ന്യൂഡല്‍ഹി: ആര്‍എസ്‌എസിന്‍റെ ബാലഗോകുലത്തിന് സമാനമായി കുട്ടികള്‍ക്ക് വേണ്ടിയുള്ള കോണ്‍ഗ്രസിന്‍റെ സംഘടനയായ ജവഹര്‍ ബാല്‍ മഞ്ച് ദേശീയതലത്തില്‍ വിപുലീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. പുതു തലമുറയെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. സംഘടനയുടെ അഖിലേന്ത്യ അധ്യക്ഷനായി കേരളത്തില്‍ നിന്നുള്ള കെപിസിസി സെക്രട്ടറി ജി.വി ഹരിയെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു.
കേരളത്തില്‍ കഴിഞ്ഞ 15 വര്‍ഷമായി സംഘടന നിലവിലുണ്ട്. ഇതുവരെ രണ്ടര ലക്ഷത്തോളം കുട്ടികളാണ് ബാല്‍ മഞ്ചിലൂടെ പരിശീലനം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം അഞ്ച് സംസ്ഥാനങ്ങളില്‍ പൈലറ്റ് പ്രൊജക്‌ട് നടപ്പിലാക്കി. തുടര്‍ന്നാണ് കേരള മോഡല്‍ വിപുലീകരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്ന് ജി.വി ഹരി പറഞ്ഞു.
ക്യാമ്പുകള്‍, വര്‍ക്‌ഷോപ്പുകള്‍, സെമിനാറുകള്‍, ശാരീരിക പരിശീലനം എന്നിവയിലൂടെ കോണ്‍ഗ്രസിന്‍റെ പ്രത്യയശാസ്‌ത്രത്തെക്കുറിച്ചും പാര്‍ട്ടിയുടെ സംഭാവനകളെ കുറിച്ചും കുട്ടികളെ ബോധവല്‍ക്കരിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വിശദീകരിച്ചു.