ന്യൂഡൽഹി:മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള വ്യക്തികൾ സമർപ്പിച്ച ഹർജിയിൽ നിലപാട് വ്യക്തമാക്കി തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈമുരുകൻ. അണക്കെട്ടിന്‍റെ ഉയരം 152 അടിയായി ഉയർത്താൻ സുപ്രീം കോടതി അനുവദിച്ച സാഹചര്യത്തിൽ പണി പൂർത്തിയായ ശേഷം മാത്രമേ ഏതെങ്കിലും തരത്തിലുള്ള പരിശോധന നടത്തേണ്ടതുള്ളൂവെന്നും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു.
പണി പൂർത്തിയായ ശേഷം ഏതെങ്കിലും തരത്തിലുള്ള പരിശോധന നടത്തണം എന്നതൊഴിച്ചാൽ നിലവിൽ അണക്കെട്ടിന്‍റെ ബലം പുനഃപരിശോധിക്കേണ്ട ആവശ്യമില്ല. അണക്കെട്ടിലെ സീപേജ്, ലൈം ലീച്ചിങ് എന്നിവ അനുവദനീയമായ അളവിലും വളരെ താഴെയാണ്. അതിനാൽ അണക്കെട്ടിന്‍റെ സുരക്ഷ ഒരുതരത്തിലും പുനഃപരിശോധിക്കേണ്ടതില്ലെന്നാണ് തമിഴ്‌നാട് സർക്കാരിന്‍റെ നിലപാട്. തമിഴ്‌നാടിന്‍റെ അവകാശങ്ങളും കർഷകരുടെ ക്ഷേമവും സംരക്ഷിക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
മുല്ലപ്പെരിയാർ ഡാമിന്‍റെ റൂൾ കർവ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ, ഡാമിന്‍റെ ഇൻസ്ട്രുമെന്‍റേഷൻ, ഡാം സുരക്ഷ എന്നിവ സംബന്ധിച്ച് കേരളത്തിൽ നിന്നുള്ള നാല് വ്യക്തികൾ 2020ലും 2021ലും സുപ്രീം കോടതിയിൽ റിട്ട് ഹർജികൾ നൽകിയിട്ടുണ്ട്. ഇതിനെ എതിർത്തുകൊണ്ട് തമിഴ്‌നാട് സർക്കാരും തടസ ഹർജി നൽകിയിരുന്നു. 2021 ഫെബ്രുവരി 15ന് കേസുകൾ വിചാരണയ്ക്ക് വന്നപ്പോൾ, ഫെബ്രുവരി നാലിനകം സത്യവാങ്മൂലം സമർപ്പിക്കാൻ ഹർജിക്കാരോട് ഉത്തരവിട്ട കോടതി കേസ് പരിഗണിക്കുന്നത് ഫെബ്രുവരി മൂന്നാം വാരത്തിലേക്ക് മാറ്റി.