ചെന്നൈ: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിച്ചതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്നാട് സർക്കാർ. ബുധനാഴ്ചത്തെ കണക്കനുസരിച്ച് സംസ്ഥാനത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 27,743 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 3986 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആളുകൾ മാസ്ക്, സാമൂഹിക അകലം പോലുള്ള സുരക്ഷാ നടപടികൾ പാലിക്കുന്നില്ലെന്നത് ആശങ്ക ഉയർത്തുന്നുണ്ടെന്നും അതാണ് പ്രതിദിന നിരക്ക് വർധിക്കാൻ കാരണമെന്നും സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്ത്, നേരത്തെ അനുവദിച്ചിരുന്ന ചില പ്രവർത്തനങ്ങൾ നിരോധിക്കാനും ചിലത് നിയന്ത്രണങ്ങളോടെ അനുവദിക്കാനും തീരുമാനിച്ചു.
നിയന്ത്രണങ്ങൾ ഏപ്രിൽ 10 മുതൽ പ്രാബല്യത്തിൽ വരും. വ്യാവസായിക, ബിസിനസ് സ്ഥാപനങ്ങളിലെ ജീവനക്കാർ മാസ്ക് ധരിക്കുന്നുവെന്നും സാനിറ്റൈസർ ഉപയോഗിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താൻ നിർദേശിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കും.
അതേസമയം, വ്യവസായ യൂണിറ്റുകൾ തൊഴിലാളികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ നടപടിയെടുക്കണമെന്നും ഉത്തരവുണ്ട്. ചെന്നൈയിലെ എല്ലാ അന്തർ ജില്ലാ പാസഞ്ചർ ബസുകളിലും പുതുച്ചേരി, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്ക് പോകുന്ന ബസുകളിലും നിന്നുള്ള യാത്ര അനുവദിക്കില്ല. പച്ചക്കറി ഷോപ്പുകൾ, ഷോപ്പിങ് മാളുകൾ, വലിയ ടെക്സ്റ്റൈൽസ്, ജ്വല്ലറി ഷോറൂമുകൾ എന്നിവിടങ്ങളിൽ 50 ശതമാനം ഉപഭോക്താക്കളേ മാത്രമേ അനുവദിക്കു. രാത്രി 11 മണി വരെ മാത്രമാണ് ഇവയുടെ പ്രവർത്തനാനുമതി.