ചെന്നൈ: കേന്ദ്രത്തോട് 20 ലക്ഷം കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ ആവശ്യപ്പെട്ട് തമിഴ്‌നാട്. കൊവിഡ് ചികിത്സയ്‌ക്കായുള്ള റെംഡിസിവര്‍ മരുന്നുകള്‍ മുടക്കരുതെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചില സംസ്ഥാനങ്ങളിലേക്ക് മാത്രം വിതരണം ചുരുക്കാന്‍ ചില നിര്‍മാതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നും റെംഡിസിവര്‍ വിതരണവും ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലേക്ക് മാത്രം ഒതുങ്ങുന്നുവെന്നും മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു.
ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ അവശ്യമരുന്നുകള്‍ കൂടുതല്‍ ആവശ്യമായ സംസ്ഥാനങ്ങള്‍ക്ക് ലഭ്യതകുറവ് നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് തടയണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വാക്‌സിന്‍ വിതരണം കൂടുതല്‍ കാര്യക്ഷമമാക്കാനായി മുന്‍കൂറായി 20 ലക്ഷം ഡോസുകള്‍ അനുവദിക്കണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമി പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.
സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളില്‍ വാക്‌സിന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തിലാണ് കേന്ദ്രത്തോട് കൂടുതല്‍ വാക്‌സിനുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആളുകള്‍ ആദ്യം ഡോസ് എടുത്തതിന് ശേഷം രണ്ടാം ഡോസിനായി കാത്തിരിക്കുകയാണ്. ദേശീയ തലത്തില്‍ വാക്‌സിന്‍ ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെ ചെങ്കല്‍പ്പേട്ടില്‍ ഇന്‍റര്‍ഗ്രേറ്റഡ് വാക്‌സിന്‍ കോപ്ലംക്‌സ് ഒരുങ്ങിയിരിക്കുകയാണെന്നും അനുമതി ലഭിച്ചാലുടനെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ പറയുന്നു.