കൊല്‍ക്കത്ത :ലോക്‌സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസുമായി ചര്‍ച്ചയ്ക്ക് താത്പര്യമില്ലെന്ന് വ്യക്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി പ്രതിനിധികളെ അയക്കില്ലെന്നും തൃണമൂല്‍ വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമബംഗാളിലെ രണ്ടില്‍ കൂടുതല്‍ പാര്‍ലമെന്‍റ് സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുനല്‍കില്ലെന്ന് നേരത്തെ തന്നെ തൃണമൂല്‍ അറിയിച്ചിട്ടുണ്ട് (INDIA bloc).
കോണ്‍സിന് നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒരു സീറ്റില്‍ പോലും വിജയിക്കാനാകില്ല. കോണ്‍ഗ്രസിന്‍റെ വോട്ട് പങ്കാളിത്തം മൂന്ന് ശതമാനമായി കുറഞ്ഞു. പിന്നെ എന്ത് ചര്‍ച്ചയെന്നും തൃണമൂലിന്‍റെ ഒരു ഉന്നത നേതാവ് ചോദിച്ചു. ആറ് സീറ്റുകള്‍ വരെ തങ്ങള്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് (TMC on seat sharing with congress).
കോണ്‍ഗ്രസിന് നിലവിലുള്ള രണ്ട് സീറ്റുകള്‍ക്ക് പുറമെ ഡാര്‍ജലിങ്, റായ്‌ഗഞ്ച്, മുര്‍ഷിദാബാദ്, പുരുലിയ ലോക്‌സഭ സീറ്റുകള്‍ കൂടി തങ്ങള്‍ക്ക് വേണമെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. ഇതില്‍ മുര്‍ഷിദാബാദ് സീറ്റില്‍ കഴിഞ്ഞ തവണ തൃണമൂലാണ് വിജയിച്ചത്. ബാക്കിയുള്ള സീറ്റുകള്‍ ബിജെപിയാണ് നേടിയത് (lok sabha election 2024).
വിജയിക്കുമെന്ന് കോണ്‍ഗ്രസിന് ഉറപ്പുണ്ടെങ്കില്‍ സീറ്റുകള്‍ വിട്ടുനല്‍കാന്‍ തയാറാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ വ്യക്തമാക്കിയിരുന്നു. ബംഗാളില്‍ അവര്‍ക്ക് രണ്ടില്‍ കൂടുതല്‍ സീറ്റുകള്‍ ഇല്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ ഭരണകക്ഷിയായ തൃണമൂല്‍ 22 സീറ്റുകളാണ് നേടിയതെന്ന് മനസിലാക്കാനാകും. ബിജെപി പതിനെട്ട് സീറ്റില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് കേവലം രണ്ട് സീറ്റ് കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു.