ന്യൂഡല്‍ഹി :കൈക്കൂലി ആരോപണ കേസില്‍ തനിക്കെതിരെയുള്ള ലോക്‌സഭ എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശയ്‌ക്കെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്‌ത്ര. തനിക്കെതിരെയുള്ള നടപടി പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍റെ അന്ത്യമാണെന്ന് എംപി പറഞ്ഞു. ലോക്‌സഭ എത്തിക്‌സ് കമ്മിറ്റി ഒരു 'കംഗാരു' കോടതി പോലെയാണ് പ്രവർത്തിക്കുന്നതെന്നും കുറ്റപ്പെടുത്തല്‍.
തന്നെ ലോക്‌സഭയില്‍ നിന്നും പുറത്താക്കാനുള്ള അധികാരം കമ്മിറ്റിക്കില്ല. ലോക്‌സഭയില്‍ നിന്നും തന്നെ അയോഗ്യയാക്കിയാലും കൂടുതല്‍ ഭൂരിപക്ഷത്തോടെ ലോക്‌സഭയില്‍ തിരിച്ചെത്തുമെന്നും മഹുവ മൊയ്‌ത്ര എംപി എക്‌സില്‍ കുറിച്ചു. പാര്‍ലമെന്‍റിന്‍റെ ചരിത്രത്തില്‍ നിയമ വിരുദ്ധമായി അയോഗ്യയാക്കപ്പെടുന്ന ആദ്യ സ്‌ത്രീ എന്നതില്‍ താന്‍ അഭിമാനിക്കുമെന്നും തനിക്കെതിരെ തെളിവുകള്‍ കണ്ടെത്താന്‍ കേസ് സിബിഐയ്‌ക്ക് വിടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും എംപി പറഞ്ഞു.
കംഗാരു കോടതിയായ എത്തിക്‌സ് കമ്മിറ്റി വെറും കുരങ്ങ് ബിസിനസ് നടത്തുകയാണെന്നും എംപി ആരോപിച്ചു. തനിക്കെതിരെ കൃഷ്‌ണനഗര്‍ എംപിയും ബിജെപി നേതാവായ നിഷികാന്ത് ദുബെയും ഉന്നയിച്ച ആരോപണം 2024 ല്‍ ലോക്‌സഭ സീറ്റില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ തനിക്ക് സഹായകമാകുമെന്നും എംപി പറഞ്ഞു. നല്ല പ്രതിസന്ധികളെ ഒരിക്കലും പാഴാക്കരുത്. ഇത് എന്‍റെ 2024 ലെ വിജയം ഇരട്ടിയാക്കാന്‍ എന്നെ സഹായിക്കുമെന്നും എംപി എക്‌സില്‍ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്‌ത്രക്കെതിരെയുള്ള കൈക്കൂലി ആരോപണ കേസിന് പിന്നാലെ ലോക്‌സഭ അംഗത്വം റദ്ദാക്കണം എന്നാവശ്യപ്പെട്ട് എത്തിക്‌സ് കമ്മിറ്റി ഇന്ന് (നവംബര്‍ 10) ലോക്‌സഭ സ്‌പീക്കര്‍ക്ക് ശുപാര്‍ശ സമര്‍പ്പിക്കാനിരിക്കെയാണ് പ്രതികരണവുമായി എംപി രംഗത്തെത്തിയത്.