കൊൽക്കത്ത: തന്‍റെ തിരോധാന വാര്‍ത്തകളോട് പ്രതികരിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയി. സ്വകാര്യ ജോലി ആവശ്യങ്ങള്‍ക്കായി താന്‍ ഡല്‍ഹിയിലുണ്ടെന്നും രാജ്യതലസ്ഥാനത്ത് താന്‍ എത്തിച്ചേര്‍ന്നതില്‍ പ്രത്യേക അജണ്ടയില്ലെന്നും മുകുൾ റോയി അറിയിച്ചു. തിങ്കളാഴ്‌ച വൈകുന്നേരം മുതൽ മുകുൾ റോയിയെ കാണാതായെന്ന റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് പ്രതികരണവുമായി അദ്ദേഹം തന്നെ രംഗത്തുവന്നത്.
'ഞാന്‍ നിരവധി വര്‍ഷങ്ങളില്‍ എംപിയായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. എന്താണ് എനിക്ക് ഡല്‍ഹിയില്‍ വരാന്‍ പറ്റില്ലെ?' അദ്ദേഹം ചോദിച്ചു. നേരത്തെ ഞാന്‍ ഡല്‍ഹിയില്‍ നിരന്തരം സന്ദര്‍ശനം നടത്തിയിരുന്നുവെന്ന് റോയി മാധ്യമങ്ങളോട് പറഞ്ഞു.
പശ്ചിമബംഗാൾ നിയമസഭാംഗമായ മുകുൾ റോയിയുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് മകൻ സുഭ്രാഗ്‌ശു വാർത്താഏജൻസിയോട് പറഞ്ഞിരുന്നു. തിങ്കളാഴ്‌ച വൈകുന്നേരം മുൻ റെയിൽവേ മന്ത്രി, ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡൽഹിയിലേക്ക് വിമാനം കയറാനിരിക്കെയാണ് തിരോധാന വാര്‍ത്തകള്‍ പുറത്തുവന്നത്.
തിങ്കളാഴ്‌ച രാത്രി കൊൽക്കത്തയിലെ എൻഎസ്‌സിബിഐ എയർപോർട്ട് പൊലീസ് സ്‌റ്റേഷനിൽ സുഭ്രാഗ്‌ശു ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. തൃണമൂൽ കോൺഗ്രസ് നേതാവ് ഡൽഹി എയർപോർട്ടിൽ രാത്രി ഒന്‍പത് മണിയോടെ ഇറങ്ങേണ്ടിയിരുന്നെങ്കിലും നിലവിൽ ഇതുവരെ ആർക്കും അദ്ദേഹത്തെ ബന്ധപ്പെടാനായില്ലെന്ന് അടുത്ത സഹായികളിൽ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു.
ഫെബ്രുവരി ആദ്യം, ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുകുൾ റോയിയെ കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാഡീസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു ഇദ്ദേഹം. 2017ൽ ബിജെപിയിൽ ചേരുന്നതിന് മുമ്പ് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിലെ രണ്ടാം സ്ഥാനക്കാരനായിരുന്നു മുകുൾ റോയ്. ബിജെപി റോയിയെ ദേശീയ വൈസ് പ്രസിഡന്‍റാക്കുകയും പശ്ചിമ ബംഗാൾ ബിജെപിയുടെ പഞ്ചായത്ത് കമ്മിറ്റി സംസ്ഥാന കൺവീനറായി നിയമിക്കുകയും ചെയ്‌തു.
2018ലെ സംസ്ഥാന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി 5,779 ഗ്രാമപഞ്ചായത്ത് സീറ്റുകൾ നേടിയതിൽ മുകുൾ റോയ് പ്രധാന പങ്കുവഹിച്ചു. ഇത് ഇടതുപക്ഷത്തെ മറികടന്ന് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ കക്ഷിയാകാൻ ബിജെപിയെ സഹായിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 38,000 സീറ്റുകൾ നേടി. 2021ൽ കൃഷ്ണനഗർ എംഎൽഎ സീറ്റിൽ ബിജെപി ടിക്കറ്റിൽ മുകുൾ വിജയിക്കുകയും ചെയ്‌തു. എന്നിരുന്നാലും, 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അദ്ദേഹം പിന്നീട് പാർട്ടി മാറുകയും തൃണമൂൽ ഘടകത്തിലേക്ക് തിരികെ പോവുകയുമായിരുന്നു.