കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് (ടിഎംസി) പ്രതിനിധിസംഘം തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ പരാതി നൽകി. ആക്രമണത്തിനു പിന്നിൽ മമതയുടെ ജീവൻ അപഹരിക്കാൻ ഗൂഢാലോചന നടന്നതായി ആരോപിച്ചാണ് പരാതി. മുഖ്യമന്ത്രി ഇത്തരമൊരു ഭീഷണി നേരിടാൻ കാരണം സംസ്ഥാനത്തെ ക്രമസമാധാന സംവിധാനം തെരഞ്ഞെടുപ്പ് കമ്മീഷൻ ഏറ്റെടുത്തതു മൂലമാണെന്ന് ടിഎംസി എംപി ഡെറക് ഒബ്രിയനും ടിഎംസി സെക്രട്ടറി ജനറൽ പാർത്ത ചാറ്റർജിയും പരാതിയിൽ പറഞ്ഞു. ആ സന്ദർഭത്തിൽ മുഖ്യമന്ത്രിക്ക് സംരക്ഷണം നൽകേണ്ട മേലുദ്യോഗസ്ഥരോ ലോക്കൽ പൊലീസോ സംഭവസ്ഥലത്ത് ഇല്ലായിരുന്നത് ആക്രമണം ആസൂത്രിതമായിരുന്നു എന്നതിന് ആക്കം കൂട്ടുന്നു എന്നും പരാതിയിൽ പരാമർശിക്കുന്നു.
ആക്രമണത്തിനു പിന്നിൽ ഗൂഢാലോചനയെന്ന് ടിഎംസി; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി - partha chaterjee
ആക്രമണം നടന്ന സമയത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ ഡിജിപിയെ നീക്കം ചെയ്‌തുവെന്നും ആക്രമണത്തിൽ ഉടനടി അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിൽ അവിശുദ്ധമായ ബന്ധം ഉണ്ടെന്നും അതിന്‍റെ അടിസ്ഥാനത്തിലാണ് ഡിജിപിക്കെതിരെ ബിജെപി പരാതി നൽകിയതെന്നും ടിഎംസി പ്രതിനിധികൾ ആരോപിക്കുന്നു. ആക്രമണം നടന്ന സമയത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ ഡിജിപി, എസ്‌പി, ജില്ലാ പൊലീസ് എന്നിവരെ ഏകപക്ഷീയമായി നീക്കം ചെയ്‌തുവെന്നും സംഭവത്തിൽ ഉടനടി അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ബുധനാഴ്‌ച നന്ദിഗ്രാമിൽ എത്തിയപ്പോഴാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കു നേരെ ആക്രമണം ഉണ്ടായത്.