കൊൽക്കത്ത :സൗരവ് ഗാംഗുലിയെ ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് പുറത്താക്കുന്നതിന് പിന്നിൽ രാഷ്ട്രീയ പകപോക്കലാണെന്ന ആരോപണവുമായി തൃണമൂൽ കോണ്‍ഗ്രസ്. നിലവിലെ ബിസിസിഐ പ്രസിഡന്‍റായ സൗരവ് ഗാംഗുലിക്ക് രണ്ടാം ടേം നിഷേധിച്ചതിന് പിന്നിൽ ബിജെപിയാണെന്നും താരം പാര്‍ട്ടിയില്‍ ചേരാൻ വിസമ്മതിച്ചതാണ് പുറത്താകലിന് കാരണമെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് ഡോ ശാന്തനു സെൻ ആരോപിച്ചു.
'ഏതാനും മാസങ്ങൾക്ക് മുമ്പ് അമിത് ഷാ സൗരവ് ഗാംഗുലിയുടെ വീട്ടിലെത്തിയിരുന്നു. ബിജെപിയിൽ ചേരുന്നതിനായി ഗാംഗുലിയെ അദ്ദേഹം നിരന്തരം സമ്മര്‍ദം ചെലുത്തിയതായി വിവരമുണ്ട്. പാര്‍ട്ടിയില്‍ ചേരാൻ വിസമ്മതിച്ചതിനാലും ബംഗാളിൽ നിന്നുള്ളതിനാലും ഗാംഗുലി രാഷ്ട്രീയ പകപോക്കലിന്‍റെ ഇരയായി മാറിയിരിക്കാം. അമിത് ഷായുടെ മകനെ ബിസിസിഐ സെക്രട്ടറിയായി നിലനിർത്തിയപ്പോൾ ഗാംഗുലിയെ പുറത്താക്കി' - ഡോ എസ് സെൻ പറഞ്ഞു.