ന്യൂഡല്‍ഹി: തടവുകാരെ നിരീക്ഷിക്കാന്‍ ജയിലിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന മൊബൈല്‍ ജാമറുകളിലെ സാങ്കേതിക വിദ്യ നവീകരിക്കാനൊരുങ്ങി തിഹാര്‍ ജയില്‍ അധികൃതര്‍. നിലവിലെ ജാമറുകള്‍ അഞ്ചാം തലമുറ നെറ്റ്‌വര്‍ക്കിനെ തടയാന്‍ സാധിക്കാത്തതിനാലാണ് ഇത്തരമൊരു നീക്കത്തിനൊരുങ്ങുന്നതെന്ന് തിഹാര്‍ ജയില്‍ അസിസ്‌റ്റന്‍റ് ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ എച്ച്പിഎസ് ശരണ്‍ പറഞ്ഞു. ഇക്കാര്യം ജയില്‍ ഭരണകുടം ഡല്‍ഹി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
കോള്‍ ബ്ലോക്കിങ് സംവിധാനത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിലൂടെ ജാമറുകളുടെ ത്രാണി അധികമാകുകയും കോളുകള്‍ കണക്‌ട് ചെയ്യാന്‍ സാധിക്കാതെയും വരുന്നു. സീരിയല്‍ കൊലപാതകങ്ങള്‍ പോലുള്ള ഗുരുതര കുറ്റകൃതങ്ങളില്‍ പ്രതികളായവര്‍ കഴിയുന്ന 13, 14, 15 തുടങ്ങിയ നമ്പരുകളിലുള്ള ജയിലുകളാണ് ഈ സംവിധാനം ഇന്‍സ്‌റ്റാള്‍ ചെയ്യാനിരിക്കുന്നത്. ആകെ മൂന്ന് ജാമറുകള്‍ തിഹാര്‍ ജയിലിലും ഓരോ ജാമര്‍ വീതം മണ്ഡോളി രോഹിണി ജയിലിലും ഘടിപ്പിച്ചിട്ടുണ്ടെന്ന് എഐജി പറഞ്ഞു.