ലഖിംപൂർ ഖിരി (ഉത്തർ പ്രദേശ്): ദുധ്വ ടൈഗർ റിസർവിന്‍റെ (ഡിടിആർ) കിഷനൂർ വന്യജീവി സങ്കേതത്തിൽ അഞ്ച് കടുവ കുഞ്ഞുങ്ങളെ കണ്ടെത്തി. ഏപ്രിൽ നാലിനാണ് കടുവ കുഞ്ഞുങ്ങളെ അധികൃതർ കണ്ടത്. തുടർന്ന് വനംവകുപ്പ് പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയും സുരക്ഷ ഒരുക്കുകയും ചെയ്‌തു. ഡിടിആറിന്‍റെ ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. രംഗ രാജു ട്വിറ്ററിൽ പങ്കുവച്ച കടുവ കുഞ്ഞുങ്ങളുടെ വീഡിയോയും ഇതിനകം വൈറലായി മാറിയിട്ടുണ്ട്.
'അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. അതിനാൽ ഞങ്ങൾ റിസർവിൽ ക്യാമറകൾ സ്ഥാപിച്ചു. ഇവരുടെ നീക്കങ്ങൾ കർശനമായി നിരീക്ഷിക്കും. അവരുടെ ജീവന് ഭീഷണിയുണ്ടാകാതെ സംരക്ഷിക്കും', ദുധ്വ ടൈഗർ റിസർവ് ഡയറക്‌ടർ ബി. പ്രഭാകർ പറഞ്ഞു. അതേസമയം അഞ്ച് കടുവ കുഞ്ഞുങ്ങളെ കാണുന്നത് അപൂർവമായ കാഴ്‌ചയാണെന്ന് ഡിടിആറിന്‍റെ ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. രംഗ രാജു പറഞ്ഞു.
ഞങ്ങളുടെ ഗൈഡുകളും ജീവനക്കാരും കടുവയുടെയും കുഞ്ഞുങ്ങളുടെയും സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. അവയുടെ ചലനങ്ങൾ നിരീക്ഷിക്കാൻ ഡിടിആറിലെ വിവിധ സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. കടുവ കുഞ്ഞുങ്ങളുടെ ചില വീഡിയോകളും ഫോട്ടോകളും ഞങ്ങളുടെ സ്റ്റാഫ് അംഗങ്ങൾ പകർത്തിയിട്ടുണ്ട്. കടുവ ഉള്ള പ്രദേശത്തേക്ക് വിനോദ സഞ്ചാരികൾ പ്രവേശിക്കാതിരിക്കാൻ ആ ഭാഗത്തെ വഴികളും ഞങ്ങൾ അടച്ചിട്ടുണ്ട്.