മൈസൂരു : കര്‍ണാടകയില്‍ ഏഴ് വയസുകാരനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തി (Tiger Killed Seven Year Old Boy Mysore). മൈസൂർ ജില്ലയിലെ എച്ച്‌ഡി കോട്ടെ താലൂക്കിലെ കല്ലഹട്ടി ഗ്രാമത്തിലാണ് സംഭവം (Tiger Attack In HD Kote). ചരണ്‍ എന്ന ഏഴ് വയസുകാരനാണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്‌ച (4-9-2023) ഉച്ചയോടെ വീടിനടുത്തുള്ള ഫാമിലെ മരത്തിന് ചുവട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കടുവ ആക്രമിച്ചത്. കുട്ടിയെ കടിച്ചെടുത്ത് കൊണ്ടുപോയ കടുവ ശരീരത്തിന്‍റെ ചില ഭാഗങ്ങൾ ഭക്ഷിക്കുകയും ചെയ്‌തിരുന്നു. കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന പിതാവ് കൃഷ്‌ണ നായക് മകനെ കാണാത്തതിനെ തുടർന്ന് തെരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം കഴിഞ്ഞ ഒരാഴ്‌ചയായി ഗ്രാമത്തിൽ കടുവ വിഹരിക്കുന്ന കാര്യം വനം വകുപ്പിനെ അറിയിച്ചിരുന്നുവെന്നും എന്നാൽ ഇതിൽ ഒരു നടപടിയും സ്വീകരിക്കാതെ വനംവകുപ്പ് അലംഭാവം കാട്ടിയതാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നും നാട്ടുകാർ ആരോപിച്ചു. തുടർന്ന് നാട്ടുകാർ കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് വിടാതെ ഫാമിൽ വച്ച് പ്രതിഷേധിച്ചു.
ശേഷം, എംഎൽഎ അനിൽ ചിക്കമാടും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നാട്ടുകാരെ അനുനയിപ്പിച്ച് കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എച്ച്‌ഡി കോട്ടെ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്‌ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബാംഗങ്ങൾക്ക് സർക്കാരിൽ നിന്ന് മറ്റ് സൗകര്യങ്ങൾ ഒരുക്കുമെന്നും എംഎൽഎ വ്യക്‌തമാക്കി. അതേസമയം, കുട്ടിയെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാനുള്ള പ്രവർത്തനങ്ങൾ വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഗ്രാമവാസികൾക്കും വനംവകുപ്പ് മുന്നറിയിപ്പ് നൽകി.