ജയ്‌പൂര്‍: വന്യജീവി സങ്കേതത്തിനുള്ളിലൂടെ യാത്ര ചെയ്യുന്നതിനിടെ വന്യമൃഗങ്ങള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നത് സാധാരണമാണ്. വളരെ അപൂര്‍വമായി മാത്രമേ സഫാരിക്കിടെ മൃഗങ്ങളുടെ ആക്രമണമുണ്ടാകുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഒരു വന്യജീവി സങ്കേതത്തിലുണ്ടായ സംഭവം സഞ്ചാരികളെ അല്‍പ്പ നേരം ഭീതിയിലാഴ്‌ത്തി. വാഹനങ്ങള്‍ക്ക് സമീപം നില്‍ക്കുകയായിരുന്ന നായക്ക് നേരെ പൊടുന്നനെയാണ് ഒരു കടുവ ചാടി വീണത്.
രണ്‍ഥംഭോര്‍ നാഷണല്‍ പാര്‍ക്കിലെ സോണ്‍ ഒന്നില്‍ തിങ്കളാഴ്‌ച രാവിലെ നടന്ന സഫാരിക്കിടെയാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന സഫാരി വാഹനങ്ങള്‍ക്ക് സമീപം നില്‍ക്കുകയായിരുന്നു നായ. പെട്ടെന്നാണ് നായയ്ക്ക് മേല്‍ സുല്‍ത്താന എന്ന് വിളിപ്പേരുള്ള കടുവ ചാടി വീണത്. സഞ്ചാരികളുടെ മുന്നില്‍ വച്ച് തന്നെ കടുവ നായയെ പിടികൂടി സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി.