ലഖിംപൂർ ഖേരി (ഉത്തർപ്രദേശ്): ജനവാസ മേഖലയില്‍ കടുവയെ ചത്തനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലെ കൃഷിയിടത്തിലാണ് രണ്ട് വയസ് പ്രായമുള്ള കടുവയെ ജീവനറ്റ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വയറില്‍ അസ്ഥി ഒടിഞ്ഞ് ആമാശയത്തിലേക്ക് തുളച്ചുകയറിട്ടുണ്ട്. ഇത് സെപ്‌റ്റിസീമിയ്‌ക്ക് കാരണമാവുകയും ചെയ്‌തിട്ടുണ്ട്. ഒരുപക്ഷേ ഇതാകാം ജീവന്‍ നഷ്‌ടപ്പെടാന്‍ കാരണമായതെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു.
'കടുവ ചത്ത സ്ഥലത്തിന് സമീപം സംശയാസ്‌പദമായി ഒന്നും കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്' - ഡെപ്യൂട്ടി ഡയറക്‌ടർ ഡിടിആർ സുന്ദരേഷ് പറഞ്ഞു. പരിശോധനയിൽ കടുവയ്‌ക്ക് ഏകദേശം 2 വയസ് പ്രായമുണ്ടെന്ന് വ്യക്‌തമായി. കടുവയുടെ മോളാർ, പ്രീമോളാർ പല്ലുകളുടെ സഹായത്തോടെയാണ് പ്രായം സ്ഥിരീകരിച്ചത്.
കടുവ രോഗാവസ്ഥയിലായിരുന്നുവെന്നും വയറ്റിൽ ഭക്ഷണമില്ലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. പൂർണമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ കടുവയുടെ ജീവന്‍ നഷ്‌ടമായതിന്‍റെ യഥാർഥ കാരണം വ്യക്തമാകൂവെന്നാണ് അധികൃതർ പറയുന്നത്.
കിഷൻപൂർ റേഞ്ചിൽ നിന്നോ മൈലാനി വനമേഖലയിൽ നിന്നോ എത്തിയതാകാം കടുവയെന്നാണ് പ്രാഥമിക നിഗമനം.