നഗാവ് (അസം) :സംസ്ഥാനത്ത് വന്യജീവികളുടെ ആക്രമണം വീണ്ടും ശക്തമാകുന്നു. നോനോയ് മേഖലയിലെ വേലൈ ഗ്രാമത്തില്‍ ഇറങ്ങിയ കടുവ ഒരാളെ കൊല്ലുകയും മറ്റൊരാളെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്‌തു (Tiger attack in Assam Nagaon). സംഭവത്തിന് പിന്നാലെ പ്രദേശത്ത് കൂടുതല്‍ പരിഭ്രാന്തി ഉയര്‍ന്നിട്ടുണ്ട്.
ആദിത്യ സൈകിയ എന്ന ആളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സത്യഫുക്കാന്‍ എന്നയാള്‍ക്ക് സാരമായി പരിക്കേറ്റു. ഇന്ന് രാവിലെയാണ് വേലൈ ഗ്രാമത്തില്‍ കടുവ ആക്രമണം ഉണ്ടായത്. പതിവുപോലെ കന്നുകാലികളുമായി പാടത്തേക്ക് പോകുന്നതിനിടെയായിരുന്നു ആദിത്യ എന്ന 60കാരനെ കടുവ ആക്രമിച്ചത്. വീടിന് സമീപത്തു വച്ചായിരുന്നു ആക്രമണം.
പരിക്കേറ്റ സത്യഫുക്കാന്‍ നാഗാവ് ഭോഗേശ്വരി ഫുകാനാനി ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം കടുവയെ ഇതുവരെ പിടികൂടാനായിട്ടില്ല (Assam Nagaon). കടുവ ആക്രമണത്തിന് ശേഷം മേഖലയിലെ ജനങ്ങളാകെ പരിഭ്രാന്തിയിലാണ്. പകല്‍ പോലും ഇവര്‍ വീടിന് പുറത്ത് ഇറങ്ങുന്നില്ല.
മേഖലയില്‍ കടുവയുടെ സാന്നിധ്യമുള്ള വിവരം നേരത്തെ തന്നെ നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോഴും കടുവ സ്വൈര്യവിഹാരം നടത്തുകയാണ്. ഇനിയും ഇതിനെ പിടികൂടിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ജീവനുകള്‍ നഷ്‌ടമാകുമെന്നും നാട്ടുകാര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. കഴിഞ്ഞ കൊല്ലവും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിരവധി ജീവനുകളാണ് മേഖലയില്‍ പൊലിഞ്ഞത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.