നിസാമാബാദ് (തെലങ്കാന):അര്‍ധരാത്രി, ചുറ്റും നിബിഡ വനം, ഇടയ്‌ക്കിടെ മാത്രം കേള്‍ക്കുന്ന വാഹനങ്ങളുടെ ശബ്‌ദം, അരികില്‍ ചലനമറ്റ് കിടക്കുന്ന അച്ഛന്‍...ചുറ്റും നടക്കുന്നത് എന്താണെന്ന് അറിയാതെ ഒരു മൂന്ന് വയസുകാരന്‍ കരഞ്ഞുകൊണ്ട് അവിടെ തന്നെ ഉറങ്ങിപ്പോയി. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ വെംഗൽപാടുവെന്ന സ്ഥലത്താണ് ഹൃദയഭേദകമായ ഈ സംഭവമുണ്ടായത്. വാഹനാപകടത്തില്‍ അച്ഛന്‍ മരിച്ചത് അറിയാതെ മൂന്ന് വയസുകാരന്‍ ഒരു രാത്രിയാണ് അവിടെ കഴിഞ്ഞത്.
വെംഗൽപാടു ഗ്രാമവാസി മലവത് റെഡ്ഡി (34) ആണ് വാഹനാപകടത്തില്‍ മരിച്ചത്. കഴിഞ്ഞ ജൂണ്‍ 21ന് ഇയാള്‍ തന്‍റെ മൂന്ന് വയസുള്ള മകന്‍ നിതിനുമായി കാമറെഡ്ഡി ജില്ലയിലെ ബന്ധുവീട്ടിലേക്ക് പോയിരുന്നു. തങ്ങളുടെ ഇരുചക്ര വാഹനത്തിലായിരുന്നു ഇവരുടെ യാത്ര.
അവിടെ നിന്നും രാത്രിയിലാണ് മലവത് റെഡ്ഡിയും മകനും തിരിച്ചത്. മടക്കയാത്രയ്‌ക്കിടെ സദാശിവനഗർ മണ്ഡലിലെ ദഗ്ഗി വനമേഖലയിൽ ദേശീയ പാത 44ന് സമീപത്തുള്ള ബാരിക്കേഡില്‍ ഇവരുടെ വാഹനമിടിച്ചു. തുടര്‍ന്ന് വഴിയരികില്‍ ഇവര്‍ വീഴുകയായിരുന്നു. അപകടത്തില്‍ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ മലവത് റെഡ്ഡി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
ഇതറിയാതെ മൂന്നുവയസുകാരന്‍ അച്ഛനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് കുട്ടി കരഞ്ഞുകൊണ്ട് അവിടെ തന്നെ ഉറങ്ങിപ്പോയി. അടുത്ത ദിവസം രാവിലെ സമീപത്തെ ക്ഷേത്രത്തിലെത്തിയ പുജാരിയാണ് വിവരം പൊലീസിനെ അറിയിച്ചതെന്നാണ് വാഹനാപകടത്തില്‍ മരിച്ച മലവത് റെഡ്ഡിയുടെ ബന്ധുക്കള്‍ നല്‍കുന്ന വിവരം.
കഴിഞ്ഞ ദിവസം എംഎല്‍എ ബാജിറെഡ്ഡി ഗോവർദ്ധൻ മലവത് റെഡ്ഡിയുടെ കുടുംബത്തെ സന്ദര്‍ശിച്ചപ്പോഴാണ് ഈ വിവരം പുറത്തറിയുന്നത്. വാഹനാപകടത്തില്‍ മരിച്ച മലവത് റെഡ്ഡിയുടെ കുടുംബത്തിന് വേണ്ട സഹായങ്ങള്‍ നല്‍കുമെന്ന് എംഎല്‍എ അറിയിച്ചു.