തിരുവാരൂർ (തമിഴ്‌നാട്): ഉത്സവം കാണാൻ എത്തിയ മൂന്ന് യുവാക്കൾക്ക് ട്രെയിൻ തട്ടി ദാരുണാന്ത്യം. തിരുവാരൂർ ജില്ലയിലെ മുതുപ്പേട്ടിനടുത്തുള്ള ഉപ്പൂരിലാണ് സംഭവം. അരുൾ മുരുകദോസ് (17), ഭരത്കുമാർ (17), മുരുകപാണ്ഡ്യൻ (24) എന്നിവരാണ് മരിച്ചത്. സ്ഥലത്തെ പ്രസിദ്ധമായ മാരിയമ്മൻ ക്ഷേത്രത്തിലെ ചിത്തിര മാസ ഉത്സവം കാണാനെത്തിയതായിരുന്നു ഇരുവരും. ഉത്സവത്തിന് ശേഷം രാത്രിയോടെ റെയിൽവേ ട്രാക്കിൽ കിടന്ന് ഉറങ്ങുന്നതിനിടെയാണ് മൂവരെയും ട്രെയിൻ ഇടിച്ചത്.
ആയിരക്കണക്കിന് ഭക്തരാണ് ഉത്സവം കാണുന്നതിനായി മാരിയമ്മൻ ക്ഷേത്രത്തിലേക്ക് എത്തിയിരുന്നത്. രാത്രി വൈകി ഉത്സവത്തിന്‍റെ പരിപാടികൾ കഴിഞ്ഞതോടെയാണ് മൂവരും ട്രാക്കിൽ കിടന്ന് ഉറങ്ങിയത്. ഇതിനിടെ പുലർച്ചെ മൂന്ന് മണിയോടെ താംബരത്ത് നിന്ന് സെങ്കോട്ടയിലേക്ക് പോവുകയായിരുന്ന എക്‌സ്‌പ്രെസ് ട്രെയിൻ ഇവരെ ഇടിക്കുകയായിരുന്നു.