റായ്‌പൂര്‍ :ഛത്തീസ്‌ഗഡില്‍ മൊബൈല്‍ ഫോണ്‍ മോഷ്‌ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ ജെസിബിയില്‍ കെട്ടിയിട്ട് ക്രൂര മര്‍ദനത്തിന് ഇരയാക്കിയ കേസില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. താന പ്രതാപ്പൂരിലെ ചന്ദോര സ്വദേശികളായ അഭിഷേക് പട്ടേൽ, കൃഷ്‌ണകുമാർ പട്ടേൽ, സോനു റാത്തോഡ് എന്നിവരാണ് അറസ്റ്റിലായത്. മായാപൂര്‍ സ്വദേശിയായ യുവാവാണ് ആക്രമണത്തിന് ഇരയായത്. ചൊവ്വാഴ്‌ചയാണ് (ജൂലൈ 11) കേസിന് ആസ്‌പദമായ സംഭവം.
റോഡ് നിര്‍മാണ ജോലിക്കായി മായാപൂരില്‍ നിന്നും സര്‍ഹാരിയിലെത്തിയപ്പോഴാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്. ജോലിക്കെത്തിയ താന്‍ രാവിലെ ഏഴ് മണിയോടെ നിര്‍മാണ ജോലികള്‍ നടക്കുന്ന മായാപൂര്‍ ജഹാന്‍ റോഡിലെ ഗ്രേഡര്‍ മെഷീനിനും ജെസിബിയ്‌ക്കും സമീപം നില്‍ക്കുമ്പോഴാണ് മൂവരുമെത്തി തന്നെ ചോദ്യം ചെയ്‌തതെന്ന് ഇരയായ യുവാവ് പൊലീസിനോട് പറഞ്ഞു.
ജെസിബിയിലുണ്ടായിരുന്ന മൊബൈല്‍ മോഷ്‌ടിക്കാന്‍ ശ്രമം നടത്തിയെന്നും യുവാക്കളോട് താന്‍ മോശമായി പെരുമാറിയെന്നും പറഞ്ഞ് മൂവരും ചേര്‍ന്ന് തന്നെ ജെസിബിയില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് യുവാവ് പൊലീസിന് മൊഴി നല്‍കി. തന്‍റെ കൈകള്‍ കൂട്ടിക്കെട്ടുകയും തുടര്‍ന്ന് കൈ ജെസിബിയുടെ ഒരു ഭാഗത്ത് കെട്ടുകയുമായിരുന്നുവെന്നും യുവാവ് പറഞ്ഞു. മര്‍ദ്ദന വിവരം പൊലീസില്‍ അറിയിച്ചാല്‍ കൊലപ്പെടുത്തുമെന്ന് യുവാക്കള്‍ ഭീഷണിപ്പെടുത്തിയതായും യുവാവ് വെളിപ്പെടുത്തി.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 294, 323 (മുറിവേല്‍പ്പിക്കല്‍), 341 (തെറ്റായ പെരുമാറ്റം), 506 (ഭീഷണിപ്പെടുത്തൽ) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കിയെന്ന് എഎസ്‌പി ശോഭ്‌രാജ് അഗര്‍വാള്‍ പറഞ്ഞു.
ബെംഗളൂരുവില്‍ നിന്നൊരു സമാന സംഭവം :മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ചെന്നാരോപിച്ച് മത്സ്യ തൊഴിലാളിയായ യുവാവിന് ബെംഗളൂരുവില്‍ ക്രൂര മര്‍ദനം. മത്സ്യ ബന്ധന ബോട്ടില്‍ കൂടെയുണ്ടായിരുന്ന ആന്ധ്ര പ്രദേശ് സ്വദേശിയായ വൈല ഷീനുവെന്ന യുവാവാണ് തൊഴിലാളിയെ മര്‍ദിച്ചത്. ബോട്ടില്‍ തലക്കീഴായി കെട്ടി തൂക്കിയായിരുന്നു മര്‍ദനം. ജോലിക്കിടെ നടുക്കടലില്‍ വച്ചുണ്ടായ മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു.
also read:Cock on Custody| മോഷണക്കുറ്റം ആരോപിച്ച് ആണ്‍കുട്ടിയും പൂവന്‍കോഴിയും പൊലീസ് കസ്‌റ്റഡിയില്‍; ഇറക്കാന്‍ ആളില്ലാത്തതിനാല്‍ കോഴി സെല്ലില്‍
പട്‌നയില്‍ യുവാവിനെ ട്രെയിനിന്‍റെ ജനലില്‍ കെട്ടിയിട്ടു : കഴിഞ്ഞ സെപ്‌റ്റംബറില്‍ ബിഹാറില്‍ നിന്നും യുവാവിനെ മര്‍ദിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ട്രെയിനില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്‌ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം. ബെഗുസരായ് സ്വദേശിയായ പങ്കജ് കുമാറാണ് ക്രൂര മര്‍ദനത്തിന് ഇരയായത്. സാഹിബ്‌ഗഞ്ചിലെ മമല്‍ഖ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ യാത്ര തുടങ്ങുമ്പോള്‍ ഓടിയെത്തിയ യുവാവ് ജനല്‍ വഴി യാത്രക്കാരന്‍റെ മൊബൈല്‍ തട്ടിയെടുക്കാന്‍ ശ്രമം നടത്തിയെന്നാരോപിച്ചാണ് യാത്രികര്‍ ഇയാളെ ജനലില്‍ കെട്ടിയിട്ടത്. യുവാവിനെ വലിച്ചിഴച്ച് ട്രെയിന്‍ നീങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.