സെഹോര്‍:മധ്യപ്രദേശിലെ സെഹോര്‍ ജില്ലയില്‍ തുറന്നുവച്ച 300 അടി താഴ്‌ചയുള്ള കുഴല്‍ കിണറില്‍ മൂന്നര വയസുകാരി വീണു. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് ശേഷമായിരുന്നു സംഭവം. കഴിഞ്ഞ 24 മണിക്കൂറായി പെണ്‍കുട്ടി കിണറിനുള്ളില്‍ അകപ്പെട്ടിരിക്കുകയാണെന്നും നിലവില്‍ രക്ഷപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
മുഗ്‌വായി ഗ്രാമത്തിലെ സൃഷ്‌ടി കുഷ്‌വാഹ എന്ന പെണ്‍കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടി കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. ജെസിബി പോലുള്ള വാഹനങ്ങള്‍ ഉപയോഗിച്ചാണ് രക്ഷപ്രവര്‍ത്തനം നടക്കുന്നത്.
കുട്ടി അകപ്പെട്ടത് 100 അടി താഴ്‌ചയില്‍: കുഴല്‍കിണറിന് അനുബന്ധമായി മറ്റൊരു കിണര്‍ കുഴിച്ച് ഒരു ടണല്‍ വഴി സൃഷ്‌ടിയുടെ അടുത്തേയ്‌ക്ക് എത്തിച്ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. കിണറിന്‍റെ 100 അടി താഴ്‌ചയിലാണ് നിലവില്‍ കുട്ടി അകപ്പെട്ടിട്ടുള്ളത്. കിണറിനുള്ളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നുമുണ്ട്.
'ഏകദേശം ഒരു മണിയോടു കൂടിയാണ് അവള്‍ കുഴല്‍ കിണറില്‍ വീണത്. സൃഷ്‌ടി വീഴുന്നത് കണ്ട് രക്ഷിക്കാന്‍ ഞാന്‍ ഓടിയെത്തിയിരുന്നു. എന്നാല്‍, അവള്‍ അതിനോടകം തന്നെ ഉള്ളില്‍ അകപ്പെട്ടുപോയിരുന്നു. സഹായത്തിനായി ഞാന്‍ എല്ലാവരെയും ഉറക്കെ വിളിച്ചിരുന്നെങ്കിലും എന്‍റെ ഭര്‍തൃമാതാവല്ലാതെ വീട്ടില്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. കിണറിനുള്ളില്‍ വീണപ്പോള്‍ അവള്‍ എന്നെ വിളിച്ചു കരഞ്ഞിരുന്നുവെന്ന്' സൃഷ്‌ടിയുടെ അമ്മ പറഞ്ഞു.
നിലവില്‍ രക്ഷപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കിണര്‍ കുഴിക്കുന്നത് മൂലമുള്ള പ്രകമ്പനത്തെ തുടര്‍ന്ന് കുട്ടി കൂടുതല്‍ ആഴത്തിലേക്ക് പതിക്കുകയാണ്. നേരത്തെ 40 അടി താഴ്‌ചയിലുണ്ടായിരുന്ന കുട്ടി ഇപ്പോള്‍ 100 അടി താഴ്‌ചയില്‍ എത്തി നില്‍ക്കുകയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
ഞങ്ങള്‍ സൈന്യത്തെ വിവരമറിയിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. ജീവനോടെ തന്നെ കുട്ടിയെ പുറത്തെടുക്കുവാനുള്ള നടപടികളാണ് ഞങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
രക്ഷപ്രവര്‍ത്തനം ഊര്‍ജിതം:ജില്ല ഭരണകുടത്തിന്‍റെയും പൊലീസിന്‍റെയും റവന്യു വകുപ്പിന്‍റെയും ഉന്നത അധികാരികള്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സുരക്ഷിതമായി കുട്ടിയെ പുറത്തെടുക്കണമെന്ന നിര്‍ദേശം മുഖ്യമന്ത്രി ഉന്നത അധികാരികള്‍ക്ക് നല്‍കി കഴിഞ്ഞു. മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫിസ് രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നുമുണ്ട്.
'പ്രാദേശിക ഭരണകുടത്തിന് താന്‍ ആവശ്യമായി നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും അവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും' മുഖ്യമന്ത്രി ഒരു ട്വീറ്റില്‍ വ്യക്തമാക്കി. 'കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കാനാണ് രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. കുട്ടിയുടെ സുരക്ഷയ്‌ക്കായി ഞാനും പ്രാര്‍ഥിക്കുകയാണ്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദിഷയില്‍ കുഴല്‍ കിണറ്റില്‍ അകപ്പെട്ട് കുട്ടി:അതേസമയം, ഇക്കഴിഞ്ഞ മാര്‍ച്ച് മാസം 14ാം തീയതി മധ്യപ്രദേശിലെ വിദിഷയില്‍ 60 അടി താഴ്‌ചയുള്ള കുഴല്‍ കിണറില്‍ ഏഴ് വയസുകാരന്‍ അകപ്പെട്ടിരുന്നു. ലോകേഷ് അഹിര്‍വാര്‍ എന്ന കുട്ടിക്കായിരുന്നു അപകടം സംഭവിച്ചത്. സംഭവ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
എന്‍ഡിആര്‍എഫ് സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു രക്ഷപ്രവര്‍ത്തനം നടന്നത്. കൂലിപ്പണിക്കാരനായ ദിനേശാണ് കുട്ടിയുടെ പിതാവ്. ആനന്ദ്പൂര്‍ ഖേറ്കഖേഡിയില്‍ സുഹൃത്തുക്കളോടൊപ്പം ഒരു ഫാമില്‍ കളിക്കുന്നതിനിടെയാണ് കുട്ടിയ്‌ക്ക് അപകടം സംഭവിച്ചത്.
പ്രദേശത്ത് കുരങ്ങുകള്‍ എത്തിയതോടെ കുട്ടികള്‍ക്കൊപ്പം ഇവയ്‌ക്ക് പിന്നാലെ ഓടുന്നതിനിടെയാണ് കുഴല്‍കിണറ്റില്‍ അകപ്പെട്ടത്. മല്ലി കൃഷി ചെയ്‌ത പാടത്തിലൂടെ ഓടുന്നതിനിടെ ലോകേഷിന്‍റെ കാല്‍ വഴുതി തുറന്നുകിടന്നിരുന്ന രണ്ട് അടി വീതിയും 60 അടി താഴ്‌ചയുമുള്ള കുഴല്‍ കിണറിലേയ്‌ക്ക് വീഴുകയായിരുന്നു.