പലാമു (ജാര്‍ഖണ്ഡ്) :പലാമു സങ്കേതത്തില്‍ മൂന്ന് കടുവകളുടെ സാന്നിധ്യം കണ്ടെത്തി. ഇതോടെ രാജ്യത്തെ കടുവ സങ്കേതങ്ങളിലായുള്ള കടുവകളുടെ എണ്ണം കണ്ടെത്താനുള്ള സെന്‍സസില്‍ ഇവ കൂടി ഉള്‍പ്പെടും. അതേസമയം ഞായറാഴ്ച കർണാടകയിലെ മൈസൂരിൽ നടക്കാനിരിക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കടുവ സെൻസസ് റിപ്പോർട്ട് പുറത്തിറക്കും.
പലാമു കടുവ സങ്കേതത്തിലുള്ളവയുടെ എണ്ണം കണക്കാക്കുന്നതിനായി ഇവയുടെ കാല്‍പ്പാടുകള്‍, കാഷ്‌ഠം, കടുവകളുടെ സാന്നിധ്യം തെളിയിക്കുന്ന വീഡിയോ ഫൂട്ടേജുകള്‍ എന്നിവയുടെ സാമ്പിളുകള്‍ പരിശോധിച്ചു. തുടര്‍ന്ന് കാല്‍പ്പാടുകളും, വിസര്‍ജ്യവും പരിശോധനയ്‌ക്കായി ഡെറാഡൂൺ വൈൽഡ് ലൈഫ് ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇവിടുന്നുള്ള റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പലാമു കടുവ സങ്കേതമുള്‍പ്പെടുന്ന പ്രദേശത്ത് മൂന്നെണ്ണമുള്ളതായി സ്ഥിരീകരിച്ചത്. 2021 ഡിസംബര്‍ മുതല്‍ 2022 ജൂലൈ വരെ പലാമു കടുവ സങ്കേത പ്രദേശത്ത് കണ്ടെത്തുന്ന സാമ്പിളുകളുടെ അടിസ്ഥാനത്തിലാണ് എണ്ണം കണക്കാക്കുന്നത്. അതേസമയം അടുത്തകാലത്ത് പലാമു റിസര്‍വ് മേഖലയിൽ എത്തിയ കടുവയെ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.
കടുവകളുടെ എണ്ണവുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി ആൻഡ് വൈൽഡ് ലൈഫ് ഓഫ് ഇന്ത്യ ഞായറാഴ്ച പുറത്തുവിടും. രാജ്യത്തെ എല്ലാ ടൈഗർ റിസർവുകളിലെയും ഉദ്യോഗസ്ഥരും ഈ ചടങ്ങിൽ പങ്കെടുക്കും. മാത്രമല്ല ജാർഖണ്ഡിലെ പിസിസിഎഫ് കം വൈൽഡ് ലൈഫ് ഹോഫും പലാമു ടൈഗർ റിസർവ് ഡയറക്‌ടറും പരിപാടിയിൽ പങ്കെടുക്കാൻ മൈസൂരിലേക്ക് തിരിച്ചിട്ടുണ്ട്.