സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ജ്വല്ലറികളില്‍ വന്‍ തട്ടിപ്പ്. ഒരു ജ്വല്ലറി ഉടമയും ദമ്പതികളും ചേര്‍ന്ന് നഗരത്തിലെ ജ്വല്ലറികളില്‍ കോടികളുടെ സാമ്പത്തിക നഷ്‌ടമുണ്ടാക്കിയതായി പൊലീസ് കണ്ടെത്തി. ചൗക്ക് ബസാര്‍ പൊലീസ് സ്റ്റേഷനില്‍ തട്ടിപ്പിനിരയായ ജ്വല്ലറി ഉടമകളില്‍ ഒരാള്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിയുന്നത്.
രോഹിത് ഷായെന്ന ജ്വല്ലറി ഉടമയാണ് തട്ടിപ്പുകള്‍ക്ക് പിന്നിലെ മുഖ്യ സൂത്രധാരന്‍ എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ദമ്പതികളുടെ സഹായത്തോടെ ഇയാള്‍ 12 ജ്വല്ലറി ഉടമകളെ കബളിപ്പിച്ച് 1.74 കോടി രൂപയുടെ നഷ്‌ടമുണ്ടാക്കിയതായി അന്വേഷണ സംഘം അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തട്ടിപ്പിന്‍റെ വ്യാപ്‌തി ഇനിയും ഉയര്‍ന്നേക്കാമെന്ന് പൊലീസ് വ്യക്തമാക്കി.
ജ്വല്ലറികളില്‍ ഇടപാടുകാരെന്ന വ്യാജേന എത്തുന്ന ദമ്പതികള്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി അത് കൈപ്പറ്റിയ ശേഷം പണം നിശ്ചിത ദിവസത്തിനുള്ളില്‍ നല്‍കാമെന്ന് അറിയിച്ച് സ്ഥലം വിടുകയാണ് ചെയ്‌തിരുന്നത്. ഇതിനായി രോഹിത് ഷായുടെ സഹായവും ദമ്പതികള്‍ക്ക് ലഭിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
മൂന്നംഗ സംഘത്തിന്‍റെ തട്ടിപ്പ് ഇങ്ങനെ:ചൗക്ക് ബസാര്‍ പൊലീസില്‍ പരാതി നല്‍കിയ പരാസ് ഷാ എന്നയാളുടെ ജ്വല്ലറിയിലും തട്ടിപ്പ് സംഘം എത്തിയിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 26നായിരുന്നു രോഹിത് ഷാ പരാസിന് സ്വര്‍ണാഭരണങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഓര്‍ഡര്‍ നല്‍കിയത്. ഇതിന് പിന്നാലെ പണമിടപാടുമായുള്ള ചര്‍ച്ചയ്‌ക്കായി പരാസ് രോഹിതിന്‍റെ ജ്വല്ലറിയിലേക്ക് എത്തി.