ഹസാരിബാഗ് : ജാർഖണ്ഡില്‍ ശനിയാഴ്ച രാത്രി ഗ്യാസ് ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് മരണം. ചൗപരൻ ഭാഗത്തുനിന്ന് വരികയായിരുന്ന ഗ്യാസ് ടാങ്കർ ദേശീയ പാതയിലെ ദനുവാ താഴ്വരയിൽ രാത്രി 10.30 ഓടെയാണ് മറിഞ്ഞത്. ഇതിന് പിന്നാലെ ടാങ്കറിന് തീപിടിച്ചു. മൂന്ന് പേർ സംഭവസ്ഥലത്ത് വെന്തുമരിച്ചു. പൊള്ളലേറ്റ നാട്ടുകാരനായ യുവാവിന്റെ നില ഗുരുതരമാണ്. ഇയാള്‍ ബിഹാറിലെ ബരാചട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരിൽ ഒരാള്‍ ബബ്ലു യാദവ് (35) ആണെന്ന് തിരിച്ചറിഞ്ഞു. ശേഷിക്കുന്ന രണ്ട് മൃതദേഹങ്ങൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
Also Read: ഒമിക്രോണിനെതിരെ ഒറ്റക്കെട്ടായി ജാഗ്രത പാലിക്കണം: മൻ കി ബാത്തിൽ പ്രധാനമന്ത്രി
ടാങ്കറില്‍ നിന്ന് തീ പടര്‍ന്ന് നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. അപകടത്തിൽ ഏഴോളം ചെറു വാഹനങ്ങളും 14 ചക്രങ്ങളുള്ള ട്രക്കും കത്തിനശിച്ചു. ഏകദേശം രണ്ട് കിലോമീറ്ററോളം പ്രദേശത്തെ മരങ്ങളും ചെടികളും വൈദ്യുത കമ്പികളും തൂണുകളും കത്തിനശിച്ചു.
ചൗപരൻ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അഗ്നിശമനസേനയും ജില്ല ഭരണകൂടവും സ്ഥലത്തെത്തി തീയണച്ചു. സ്‌ഫോടനത്തെ തുടർന്ന് ദേശീയപാതയിൽ സംഘർഷാവസ്ഥയുണ്ടായി. അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ജാർഖണ്ഡ്-ബിഹാർ അതിർത്തിയിലെ ചോർദാഹ ചെക്ക്‌പോസ്റ്റിന് സമീപം വാഹനങ്ങൾ പൊലീസ് തടഞ്ഞു. അപകടത്തെ തുടർന്ന് 10 കിലോമീറ്റർ മേഖല പൊലീസ് സംഘം സീൽ ചെയ്തിട്ടുണ്ട്.
ടാങ്കർ മറിഞ്ഞയുടൻ പൊട്ടിത്തെറിച്ച് തീപിടിച്ചതായി നാട്ടുകാര്‍ പറഞ്ഞു. ഇതോടെ മറ്റ് വാഹനങ്ങൾക്കും തീപിടിച്ചു. സ്‌ഫോടനം നടക്കുമ്പോൾ ബബ്‌ലു തന്റെ ട്രക്കിൽ സാധനങ്ങൾ കയറ്റുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.