ഭിൻഡ്:ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഉയര്‍ത്തികാട്ടുന്ന വാർത്ത റിപ്പോർട്ടിന്‍റെ പേരില്‍ മൂന്ന് മാധ്യമ പ്രവർത്തകർക്കെതിരെ വ്യാജരേഖ ചമച്ചതിന് മധ്യപ്രദേശില്‍ പൊലീസ് കേസെടുത്തു.ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് വൃദ്ധനെ കൈവണ്ടിയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തതിന് മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെയാണ് മധ്യപ്രദേശിലെ ഭിന്‍ഡ് ജില്ലയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. ജില്ല മെഡിക്കൽ ഓഫിസർ രാജീവ് കൗരവ് നൽകിയ പരാതിയെ തുടർന്നാണ് മാധ്യമപ്രവർത്തകരായ കുഞ്ഞ്‌ബിഹാരി കൗരവ്, അനിൽ ശർമ, എൻ.കെ ഭട്ടേലെ എന്നിവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 420, 505 എന്നീ വകുപ്പുകളും ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തി. രോഗിയായ ഗയാ പ്രസാദിന്(76) ആംബുലന്‍സ് ലഭ്യമാകാത്തതിനാല്‍ കൈവണ്ടിയില്‍ അദ്ദേഹത്തെ കുടുംബത്തിന് കൊണ്ടുപോകേണ്ടി വന്നെന്നും, ഗയാപ്രസാദിന് അര്‍ഹമായ പല സര്‍ക്കാര്‍ പദ്ധതികളുടേയും ആനുകൂല്യം ലഭിക്കുന്നില്ലെന്നുമാണ് ഈ മാധ്യമപ്രവര്‍ത്തകര്‍ ഓഗസ്റ്റ് 15ന് വാര്‍ത്ത നല്‍കിയത്. വാർത്ത റിപ്പോർട്ടിനെ കുറിച്ച് അന്വേഷിക്കാൻ ജില്ല ഭരണകൂടം റവന്യൂ, ആരോഗ്യ ഉദ്യോഗസ്ഥരുടെ സമിതിയെ രൂപീകരിച്ചു.
വാർത്ത റിപ്പോർട്ട് തെറ്റാണെന്നാണ് കമ്മിറ്റി കണ്ടെത്തിയത്. ഗയ പ്രസാദിന്‍റെ മകൻ പുരൺ സിംഗ് താന്‍ ആംബുലൻസിന്‍റെ സേവനം തേടിയില്ലെന്നും വാർദ്ധക്യ പെൻഷൻ പോലുള്ള സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ അച്ഛന് ലഭിക്കുന്നുണ്ടെന്നുമാണെന്ന് പറഞ്ഞതെന്നാണ് സമിതിയുടെ റിപ്പോര്‍ട്ട്. ഗയ പ്രസാദിനെ സർക്കാർ ആശുപത്രിയിലേക്കല്ല സ്വകാര്യ ആശുപത്രിയിലേക്കാണ് കുടുംബം കൊണ്ടുപോയതെന്നും അന്വേഷണ സമിതി പറയുന്നു.
അതേസമയം ഗയ പ്രസാദിന്‍റെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയാണ് ജില്ല ഭരണകൂടം തങ്ങള്‍ക്കനുകൂലമായ മൊഴി ഗയ പ്രസാദിന്‍റെ മകനില്‍ നിന്ന് സ്വന്തമാക്കിയതെന്ന് മാധ്യമപ്രവര്‍ത്തകനായ അനില്‍ ശര്‍മ ആരോപിച്ചു. മാധ്യമ പ്രവർത്തകർക്കെതിരെ കള്ളമൊഴി നല്‍കാന്‍ ജില്ല ഭരണകൂടം ഗയ പ്രസാദിന്‍റെ കുടുംബത്തിനുമേല്‍ സമ്മർദം ചെലുത്തിയതായി മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഡോ.ഗോവിന്ദ് സിങ്ങും ആരോപിച്ചു. മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന നടപടിയാണെന്നും മാധ്യമപ്രവർത്തകർക്ക് നീതി ഉറപ്പാക്കാൻ കോൺഗ്രസ് പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണകക്ഷിയായ ബിജെപി സംസ്ഥാന പ്രവർത്തക സമിതി അംഗം രമേഷ് ദുബെയും മാധ്യമപ്രവർത്തകർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത നടപടിയെ അപലപിച്ചു. തെറ്റായ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. വിഷയത്തിൽ ഭിൻഡ് ജില്ല കലക്‌ടര്‍ സതീഷ് കുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.