ചിക്കമംഗളൂരു (കർണാടക):ഗണപതി നിമജ്ജനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് പേർ മരിച്ചു. കർണാടക സ്വദേശികളായ രാജു (47), രചന (35), പാർവതി(26) എന്നിവരാണ് മരിച്ചത്. മുഡിഗെരെ താലൂക്കിലെ ബണക്കലിനടുത്തുള്ള ബി ഹൊസള്ളി ഗ്രാമത്തിലാണ് സംഭവം.
ഇന്നലെ (06.09.2022) വൈകിട്ട് ഗ്രാമത്തിൽ പ്രതിഷ്‌ഠിച്ച ഗണേശ വിഗ്രഹം ഗ്രാമത്തിലെ തന്നെ തടാകത്തിൽ നിമജ്ജനം ചെയ്‌ത് മടങ്ങുന്നതിനിടെയാണ് അപകടം. ട്രാക്‌ടർ ട്രോളിയിലാണ് ഇവർ യാത്ര ചെയ്‌തത്. ട്രോളിയിൽ ഗണപതിക്ക് അലങ്കരിച്ച മണ്ഡപം ഉണ്ടായിരുന്നു.
നിമജ്ജനം ചെയ്‌ത് തിരികെ വരുന്നതിനിടെ മണ്ഡപം വൈദ്യുത കമ്പിയിൽ തട്ടി ട്രോളിയിൽ ഉണ്ടായിരുന്ന ആറോളം പേർക്ക് വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. വാഹനത്തിന്‍റെ ഡ്രൈവർ വൈദ്യുതാഘാതം ഏൽക്കാതെ രക്ഷപ്പെട്ടു.
ഗുരുതരാവസ്ഥയിലായ സംഗീത്, പല്ലവി എന്നിവരെ വിദഗ്‌ധ ചികിത്സക്കായി ഹാസൻ ആശുപത്രിയിലേക്ക് മാറ്റി. ട്രാക്‌ടറിലുണ്ടായിരുന്ന ഗൗരി എന്ന സ്‌ത്രീ അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ അറിയിച്ചു. വൈദ്യുതി ലൈൻ താഴ്‌ന്ന ഭാഗത്താണ് അപകടം ഉണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തിൽപ്പെട്ടവർക്ക് അർഹമായ നഷ്‌ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കർണാടക ഇലക്‌ട്രിസിറ്റി ബോർഡിനെതിരെ നാട്ടുകാർ രോഷം പ്രകടിപ്പിച്ചു.
Also read: വെള്ളക്കെട്ടിൽ തെന്നി വീഴാതിരിക്കാൻ വൈദ്യുതി പോസ്റ്റിൽ പിടിച്ചു, യുവതിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം