ന്യൂഡൽഹി:തട്ടിക്കൊണ്ടുപോയ ശേഷം 36 കാരനിൽ നിന്ന് അഞ്ച് ലക്ഷം രൂപ ഭീഷണിപ്പെടുത്തി വാങ്ങിയ കേസിൽ മൂന്ന് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു. ഡൽഹി സ്വദേശികളായ ഡേവിഡ് (22), അർജുൻ (21), സൗരവ് (18) എന്നിവരാണ് പൊലീസ് പിടിയിലായത്.
ജൂലൈ മൂന്നിനാണ് കേസിനാസ്‌പദമായ സംഭവം. ഡൽഹി സ്വദേശിയായ ചന്നു എന്ന യുവാവിനെ പ്രതികൾ തട്ടിക്കൊണ്ട് വരികയും ചന്നുവിനെ വിട്ടുകൊടുക്കണമെങ്കിൽ ഒരു കോടി രൂപ നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ആദ്യ ഘട്ടമായി അഞ്ച് ലക്ഷം രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്.
also read:പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തക വിജയ്ത സിങ്
തുടർന്ന് ചന്നുവിന്‍റെ സഹോദരൻ പണവുമായെത്തുകയും പ്രതികൾ ഇയാളെ മോചിപ്പിക്കുകയുമായിരുന്നു. തുടർന്ന് വീണ്ടും പ്രതികൾ ഫോണിലൂടെ പണം ആവശ്യപ്പെടാൻ തുടങ്ങിയതോടെയാണ് കുടുംബം പൊലീസിൽ പരാതിപ്പെട്ടത്. തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയായിരുന്നു.
പ്രതികളിൽ നിന്ന് 3.16 ലക്ഷം കണ്ടെത്തി. ബാക്കി പണം ഉപയോഗിച്ച് ബൈക്ക് വാങ്ങിയെന്നായിരുന്നു ഇവരുടെ മൊഴി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.