ബെംഗളൂരു:ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയുടെ എംഡിയേയും സിഇഒയേയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെ അമൃതല്ലി പൊലീസ് അറസ്റ്റ് ചെയ്‌തു. ചൊവ്വാഴ്‌ച രാത്രി വൈകി നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് പ്രതികളായ ഫെലിക്‌സ്, വിനയ് റെഡ്ഡി, ശിവ എന്നിവരെ കുനിഗലിന് സമീപത്ത് വച്ച് പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഇന്‍റർനെറ്റ് സേവന കമ്പനിയായ എയർറോണിക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്‍റെ മാനേജിങ് ഡയറക്‌ടർ ഫണീന്ദ്ര സുബ്രഹ്‌മണ്യം, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ വിനു കുമാർ എന്നിവരെയാണ് ചൊവ്വാഴ്‌ച പ്രതികൾ ദാരുണമായി കൊലപ്പെടുത്തിയത്. ചൊവ്വാഴ്‌ച വൈകിട്ട് നാല് മണിയോടെയാണ് ഫെലിക്‌സും രണ്ട് സുഹൃത്തുക്കളും ചേർന്ന് കമ്പനി ഓഫിസിലെത്തി ഇരുവരെയും ആക്രമിച്ച് കൊലപ്പെടുത്തിയത്.
അമൃതഹള്ളിയിലെ പമ്പ എക്സ്റ്റന്‍ഷനിലുള്ള കമ്പനിയുടെ ഓഫിസിലെത്തിയ പ്രതികൾ ക്യാബിനിൽ ഇരുന്ന് ഫണിന്ദ്ര സുബ്രഹ്‌മണ്യയുമായി സംസാരിച്ചു. ഏകദേശം 20 മിനിറ്റ് നീണ്ടുനിന്ന ചർച്ചയ്‌ക്ക് പിന്നാലെ, ഫെലിക്‌സ് ഫണീന്ദ്രയെ മൂർച്ചയുള്ള ആയുധങ്ങളാൽ മാരകമായി ആക്രമിക്കുകയായിരുന്നു. പ്രതികളെ തടയാനെത്തിയ വിനു കുമാറിനെയും ഇവർ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ഓഫിസിൽ വച്ച് തന്നെ മരണപ്പെട്ടിരുന്നു.
ആക്രമണത്തിന് ശേഷം പ്രതികൾ മൂന്ന് പേരും ഓഫിസിന്‍റെ പിൻ വാതിൽ വഴി രക്ഷപ്പെട്ടു. കൊലപാതകം നടക്കുമ്പോൾ ഓഫിസിൽ പത്തോളം ജീവനക്കാർ ഉണ്ടായിരുന്നു. സിഇഒയേയും എംഡിയേയും കുത്തിപ്പരിക്കേൽപ്പിച്ചതിന് പിന്നാലെ ബാക്കിയുള്ള ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് അക്രമികൾ സംഭവ സ്ഥലത്ത് നിന്നും കടന്ന് കളഞ്ഞത്.