അഹമ്മദാബാദ് (ഗുജറാത്ത്) : നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം അയച്ചയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തു (Threat To Narendra Modi Stadium). മധ്യപ്രദേശ് സ്വദേശിയായ ഇയാളെ രാജ്‌കോട്ടില്‍ നിന്നാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്‍റെ വേദികളില്‍ ഒന്നാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം (Man arrested for threatening to attack Narendra Modi Stadium).
ഒക്‌ടോബര്‍ 14ന് ഇന്ത്യ-പാക് മത്സരം നടക്കാനിരിക്കെയാണ് സ്റ്റേഡിയത്തിന് നേരെ ആക്രമണം നടത്തുമെന്ന് അറിയിച്ച് കൊണ്ടുള്ള ഇ മെയില്‍ ലഭിച്ചത് (Narendra Modi Stadium in Ahmedabad). സ്റ്റേഡിയത്തില്‍ സ്‌ഫോടനം നടത്തും എന്നായിരുന്നു സന്ദേശം. ഇ മെയിലില്‍ അയച്ച വ്യക്തിയുടെ പേരുണ്ടെന്നും എന്നാല്‍ അയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും പൊലീസ് പറഞ്ഞു. നിലവില്‍ രാജ്‌കോട്ട് മേഖലയില്‍ താമസിച്ച് വരികയാണ് ഇയാള്‍.
ഭീഷണി ലഭിച്ചത് കണക്കിലെടുത്ത് ഒക്‌ടോബര്‍ 14ന് നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായി നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ മത്സര ദിനത്തില്‍ ഗുജറാത്ത് പൊലീസ്, എന്‍എസ്‌ജി, ആര്‍എഎഫ്, ഹോം ഗാര്‍ഡ് തുടങ്ങിയ ഏജന്‍സികളില്‍ നിന്ന് 11,000ല്‍ അധികം ഉദ്യോഗസ്ഥരെ സ്റ്റേഡിയത്തില്‍ വിന്യസിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.