മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന് വധ ഭീഷണി കത്ത് ലഭിച്ച സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. മുസേവാല കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിദേഷ് ഹിമാരാമൻ കാംബ്ലേയെ പൊലീസ് ബുധനാഴ്‌ച ചോദ്യം ചെയ്‌തു. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിലുള്ള ആളാണ് കാംബ്ലേയെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്‌ചയാണ് സൽമാൻ ഖാനെയും, പിതാവ് സലീം ഖാനെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയുള്ള കത്ത് ലഭിച്ചത്. സൽമാൻ പ്രഭാത സവാരിക്ക് ശേഷം വിശ്രമിക്കുന്ന ബാന്ദ്ര ബസ് സ്‌റ്റാൻഡ് പരിസരത്തെ ബെഞ്ചിൽ നിന്ന് താരത്തിന്‍റെ സെക്യൂരിറ്റി ജീവനക്കാര്‍ കത്ത് കണ്ടെടുക്കുകയായിരുന്നു. ഗായകൻ സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയ ലോറൻസ് ബിഷ്‌ണോയിയുടെ സംഘമാണ് കത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.