മുംബൈ:റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് നേരെ വീണ്ടും ഭീഷണി (Threat Against Mukesh Ambani). 400 കോടി രൂപ ആവശ്യപ്പെട്ട് മുകേഷ് അംബാനിക്ക് അജ്ഞാതനിൽ നിന്ന് ഭീഷണി ഇമെയിൽ ലഭിച്ചതായി പോലീസ് അറിയിച്ചു. മൂന്നാം തവണയാണ് ഭീഷണി സന്ദേശങ്ങള്‍ അദ്ദേഹത്തിന് നേരെ വരുന്നത്.
തിങ്കളാഴ്‌ചയാണ് (30-10-23) മുകേഷ് അംബാനിയുടെ കമ്പനിക്ക് ഇമെയിൽ ലഭിച്ചത് (Mukesh Ambani Receives Threat Email). നാല് ദിവസത്തിനിടെ വന്ന മൂന്നാമത്തെ ഭീഷണി ഇമെയിലാണിതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. വെള്ളിയാഴ്‌ച അജ്ഞാതനായ ഒരാളിൽ നിന്ന് 20 കോടി രൂപ ആവശ്യപ്പെട്ട് ഇമെയിൽ ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗാംദേവി പോലീസ് സ്റ്റേഷനിൽ നേരത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരുന്നു.
കമ്പനിക്ക് മൂന്നാമത്തെ ഇമെയിൽ ലഭിച്ചതിൽ ആവശ്യം ഇരട്ടിയാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇമെയിൽ അയച്ചയാളെ കണ്ടെത്താൻ മുംബൈ പോലീസും ക്രൈംബ്രാഞ്ചും സൈബർ സംഘവും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ബിഹാറിലെ ദർബംഗയിൽ നിന്ന് അംബാനിക്കും കുടുംബാംഗങ്ങൾക്കും വധഭീഷണി ഉയര്‍ത്തിയതിന് ഒരാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയില്‍ സ്‌ഫോടനം നടത്തുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു.
ഒക്‌ടോബർ 27 നാണ് അജ്ഞാതനിൽ നിന്ന് അംബാനിക്ക് 20 കോടി ആവശ്യപ്പെട്ട് ഇമെയിൽ ലഭിച്ചത്. ഷദാബ് ഖാന്‍ എന്ന പേരിലാണ് ഇമെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്. 20 കോടി രൂപ നല്‍കിയില്ലെങ്കിൽ വെടിവച്ച് കൊല്ലുമെന്ന് ഭീഷണി ഉയര്‍ത്തിയതായും വിവരമുണ്ട്. "നിങ്ങൾ ഞങ്ങൾക്ക് 20 കോടി രൂപ നൽകിയില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ കൊല്ലും, ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടർമാർ ഞങ്ങൾക്കുണ്ട്", എന്ന തരത്തിലാണ് ഭീഷണി സന്ദേശം എഴുതിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഗാംദേവി പോലീസ് സ്‌റ്റേഷനിൽ ഐപിസി 387, 506 (2) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.